കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ളാസിലേക്കും, പ്രീ പ്രൈമറി വിഭാഗത്തിലേക്കും കുട്ടികളുടെ കുത്തൊഴുക്ക് തുടരുന്നു. പ്രൈവറ്റ് സ്കൂളുകളിൽ നിന്നും പഠിച്ചെത്തുന്ന ഇതര ക്ളാസുകളിലേക്കുമുള്ള അഡ്മിഷനും തുടരുകയാണ്. ഒന്നാം ക്ലാസിലേക്ക് മാത്രം ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 930 കുട്ടികൾ വിവിധ സ്കൂളുകളിലായി പ്രവേശനം നേടിയിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലും സമാന അവസ്ഥയാണ്. കുമ്മനോട് ഗവ.യു.പി സ്കൂളിൽ ഇന്നലെ വരെ പ്രീ പ്രൈമറി വിഭാഗത്തിൽ 136 അഡ്മിഷനായി. യു.പി വിഭാഗം വരെ ആകെ കുട്ടികളുടെ എണ്ണം 530 ലെത്തി. സമാന അവസ്ഥയാണ് മറ്റ് സ്കൂളുകളിലുമുള്ളത്. പ്രീ പ്രൈമറി ക്ളാസുകളിലേക്ക് നഴ്സറികളും, കിന്റർഗാർട്ടനുകളും വിട്ടെറിഞ്ഞ് കുട്ടികളെത്തുന്നത് കഴിഞ്ഞ കൊവിഡ് കാലത്തെ അദ്ധ്യാപകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. മിക്ക സ്കൂളുകളിലേയും അദ്ധ്യാപകർ വീട്ടിൽ ചെറിയ സ്റ്റുഡിയോകൾ തയ്യാറാക്കിയാണ് ഓൺലൈൻ ക്ളാസെടുക്കുന്നത്. സ്കൂൾ അന്തരീക്ഷം പോലെ തന്നെ അറ്റൻഡൻസും, വർക്ക് ഷീറ്റുകളും, ഓൺലൈൻ ടെസ്റ്റ് പേപ്പറുകളും നൽകുന്നതിലൂടെ കുട്ടികളുടെ പഠന നിലവാരവും ഉയരുന്നുണ്ട്.