ആലുവ: സാഹിത്യകാരൻ ശ്രീമൻ നാരായണൻ ആരംഭിച്ച വൃക്ഷയജ്ഞം ലോക പരിസ്ഥിതി ദിനമായ നാളെ ആറാം വർഷത്തിലേക്ക് കടക്കും. സ്വന്തം ചെലവിൽ ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് സമൂഹത്തിനാകെ മാതൃകയാകുകയാണ് ആറാംവർഷവും ഇദ്ദേഹം. മലിനമാക്കപ്പെട്ട പ്രകൃതിയുടെ പരിശുദ്ധി വീണ്ടെടുക്കുകയാണ് ലക്ഷ്യം. വായുമലിനീകരണത്തിന് പ്രധാനപരിഹാരമാർഗം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കലാണ്. അതിനാൽ മുപ്പത്തടത്ത് എല്ലാ വീട്ടിലും നേരിട്ടുചെന്ന് സ്ഥലലഭ്യതയനുസരിച്ച് ആകെ 10001 മാവും പ്ലാവും 'ഗാന്ധിമരങ്ങൾ' എന്ന പേരിൽ വച്ചുപിടിപ്പിച്ചു. ഫലം ലഭിച്ചുതുടങ്ങിയാൽ പത്ത് വൃക്ഷമുണ്ടെങ്കിൽ ഒരെണ്ണത്തിലേയും ഒരു വൃക്ഷമുള്ളെങ്കിൽ ഒരു കൊമ്പിലേയും ഫലങ്ങൾ പക്ഷികൾക്കും അണ്ണാനും മറ്റുമായി വിട്ടുനൽകണമെന്ന് വീട്ടുകാരുമായി വാക്കാൽ കരാരുമുണ്ട്! ഇക്കാലയളവിൽ ഇതര ജില്ലകളിലുമായി രണ്ടേകാൽ ലക്ഷം വൃക്ഷത്തൈകൾ ശ്രീമൻ നാരായണൻ വിതരണം ചെയ്തിട്ടുണ്ട്.
'നടാം നനക്കാം നടക്കൽ വക്കാം'
'നടാം നനക്കാം നടക്കൽ വക്കാം' പദ്ധതി പ്രകാരം മാസങ്ങൾ മുമ്പ് 25000 ചെത്തി, തുളസി, കൂവളം തൈകൾ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിതരണംചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്രംവക രണ്ടേക്കർ ഭൂമിയിൽ ചെത്തിയും തുളസിയും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ പ്രർത്തനം ഉടനാരംഭിക്കും.
വനസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന വനം വകുപ്പിൻെറ ജൈവസംരക്ഷണ മികവിനുള്ള പുരസ്‌കാരം, എസ്.കെ. പൊറ്റക്കാട് പരിസ്ഥിതി സംരക്ഷണ പുരസ്‌കാരം, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഉത്രാടം തിരുനാൾ കേരളശ്രീ പുരസ്‌കാരം, പരിസ്ഥിതി പരിപാലനത്തിനുള്ള ഗാന്ധിദർശൻ പുരസ്‌കാരം തുടങ്ങിയ ഒട്ടനവധി അവാർഡുകൾ ശ്രീമൻ നാരായണന് ലഭിച്ചിട്ടുണ്ട്. സ്വന്തം ഗ്രാമത്തിലൂടെ ഒഴുകുന്ന പെരിയാർ നദി പ്രമേയമാക്കി ശ്രീമൻ നായണൻ രചിച്ച 'എൻെറ പുഴ'എന്ന നോവലിന് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരമുൾപ്പടെ ഏഴ് അവാർഡുകൾ വേറെയും ലഭിച്ചിട്ടുണ്ട്.
ആറാമത് വൃക്ഷയജ്ഞം നാളെ സാഹിത്യകാരൻ സേതു ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര സേവാഗ്രാം ആശ്രമം പ്രസിഡന്റ് ടി.ആർ.എൻ. പ്രഭു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ശശിധരൻ കല്ലേരി എന്നിവർ സംസാരിക്കും. മാവ്, പ്ലാവ്, സീതപ്പഴം, മാതളം, ഞാവൽ, പേര, റംബുട്ടാൻ, നാരകം, പുളി, നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, തേക്ക്, ഉങ്ങ്, നീർമരുത് തുടങ്ങിയ തൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.