തിരുവനന്തപുരം: കായൽ ടൂറിസം മേഖലയിൽ കൊവിഡുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ നിയമസഭാ സമ്മേളനത്തിന് ശേഷം ആലപ്പുഴയിലെ എം.എൽ.എമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പി.പി.ചിത്തരഞ്ജൻ, കെ.ജെ.മാക്സി എന്നിവരുടെ സബ്മിഷന് മറുപടി നൽകി. ടൂറിസം രംഗത്തുള്ളവരെ മുൻഗണനാവിഭാഗത്തിലുൾപ്പെടുത്തി ഹോട്ടൽ,റിസോർട്ട് മേഖലയിലെ ജീവനക്കാർക്ക് വാക്സിൻ നൽകാൻ നടപടിയെടുക്കും. കൊവിഡുണ്ടാക്കിയ പ്രതിസന്ധി ചർച്ച ചെയ്യാൻ കഴിഞ്ഞമാസം 27ന് 18 സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അതനുസരിച്ചുള്ള നടപടികളെടുക്കും. ആലപ്പുഴയിലെ ഹൗസ്ബോട്ട്സംരംഭകർക്ക് കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ സർക്കാർ 86ലക്ഷം രൂപയുടെ സഹായം നൽകി. കേരളബാങ്കിൽ നിന്ന് വായ്പാ സഹായം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.