പറവൂർ: ജലവിതരണ സംവിധാനത്തിലൂടെ മലിനജലം വിതരണം ചെയ്യുന്നതിനെതിരെ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് പുത്തൻവേലിക്കര മണ്ഡലംകമ്മിറ്റി പരാതി നൽകി. കുറച്ചു ദിവസങ്ങളായി നിറവ്യത്യാസമുള്ള വെള്ളമാണ് ജലഅതോറിറ്റി പൈപ്പിലൂടെ വീടുകളിൽ എത്തുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗവും കുടിവെള്ളത്തിനും ഭക്ഷണം പാകംചെയ്യാനുമെല്ലാം പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ഈവിഷയത്തിൽ പഞ്ചായത്തിന്റെ ഗൗരവപരിഗണന നൽകി പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജയ് മവേലിൽ, മുൻ മണ്ഡലം പ്രസിഡന്റ് സുനിൽ കുന്നത്തൂർ, ഫിജോ മാളവന, ജോർലിൻ പൊള്ളയിൽ, സിജോ ഫ്രാൻസിസ് എന്നിവർ പുത്തൻവേലിക്കര പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തി.