11
മൊബൈൽ

തൃക്കാക്കര: നിർദ്ധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് നഗരസഭ സൗജന്യമായി മൊബൈൽഫോൺ നൽകും. അർഹരായ 215 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ഫോൺ നൽകുന്നതെന്നു വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി പറഞ്ഞു. ഓരോ വാർഡിൽനിന്നും മൊബൈൽഫോണിന് അർഹരായ 5 വിദ്യാർത്ഥികളെവീതം കണ്ടെത്തും. നഗരസഭാ ചെയർപേഴസൻ അജിത തങ്കപ്പന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം പദ്ധതിക്ക് അംഗീകാരംനൽകി. ഗവ.സ്കൂളുകളിലെ വിദ്യാർഥികളെയാകും പരിഗണിക്കുക. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനാണ് നിർദേശം.കൂടുതൽ വിദാർത്ഥികൾക്ക് ഫോൺ നൽകാൻ "മൊബൈൽ ഫോൺ ചലഞ്ച്" പദ്ധതിക്കും നഗരസഭ രൂപംനൽകും. സ്പോൺസർമാർ വഴി ഫോൺ ലഭ്യമാക്കി അർഹരായ വിദ്യാർത്ഥികൾക്കു കൈമാറുകയാണ് ലക്ഷ്യം.

മുനിസിപ്പൽ പരിധിയിലെ സ്കൂളുകളിലെ അദ്ധ്യയനനിലവാരം വിലയിരുത്താൻ പ്രത്യേക സംവിധാനമൊരുക്കും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനപകരണങ്ങൾ ലഭ്യമാക്കാനും സ്ഥിരംസമിതിയോഗം തീരുമാനിച്ചു. രാധാമണി പിള്ള, ടി.ജി. ദിനൂപ്, രജനി ജീജൻ, അൻസിയ ഹക്കിം, സുമ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.