മൂവാറ്റുപുഴ: പുതിയ എൻ.എച്ച് 85 (കൊച്ചിതേനി) ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫ്ളാഗ്ഷിപ് പദ്ധതിയായ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട എൻ.എച്ച് 85 ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതി നിർവഹണത്തിനായുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ മദ്ധ്യഭാഗത്ത് കൂടി കൊച്ചി മുതൽ തമിഴ്‌നാടുമായുള്ള യാത്രക്ക് വളരെയധികം സമയ ലാഭം ലഭിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി ഇത് മാറും. പദ്ധതിയുടെ 80% ഇടുക്കി പാർലമെന്റ് മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത് സംബന്ധിച്ച് പുതിയ അലൈമെൻഡ്‌മെന്റ് തീർപ്പ് കൽപ്പിക്കുകയും കേന്ദ്രസംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതിനു ശേഷം സ്ഥലമേറ്റെടുക്കലിനായുള്ള പ്രത്യേക ഓഫീസ് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും എം.പി പറഞ്ഞു.