ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ സ്വദേശി അജീഷ് പോളി​ന്റെ (38) ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ഡോ. ജോ മാർഷൽ ലിയോയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രി​യയിലൂടെ പൊട്ടിയ തലയോട്ടിയുടെ ഭാഗങ്ങൾ എടുത്ത് താത്കാലികമായി വയറിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ആഴത്തിലുള്ള മുറിവുകൾ ഉണങ്ങിയ ശേഷം ഇവ തിരികെ ഘ​ടി​പ്പി​ക്കും. ശസ്ത്രക്രി​യക്ക് ശേഷവും വെന്റിലേറ്ററിൽ തുടരുന്ന അജീഷിന് ബോധം തിരിച്ചുകിട്ടിയിട്ടില്ല. അജിഷിനൊപ്പം സി.ഐ രതീഷിനും തലക്കും കൈകാലുകൾക്കും പരിക്കേറ്റിരുന്നുവെങ്കിലും ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.

ജൂൺ ഒന്നിന് രാവിലെ 10.30ഓടെയാണ് കാന്തല്ലൂർ കോവിൽകടവിൽ വച്ച് കോവിൽകടവ് സ്വദേശി സുലൈമാൻ (26) കരിങ്കല്ല് ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്.

'കേരളകൗമുദി'യോട്

നന്ദി പറഞ്ഞ് പൊലീസ്

ആലുവ: മറയൂരിൽ സി.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും നിരവധി കേസുകളിലെ പ്രതി ഗുരുതരമായി ആക്രമിച്ചപ്പോൾ കൂടെ നിന്നത് 'കേരളകൗമുദി' മാത്രമാണെന്ന് പൊലീസ് സേനാംഗങ്ങൾ. പത്രത്തിന്റെ ഒന്നാം പേജിൽ വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ട്, പരിക്കേറ്റ പൊലീസുകാരുടെയും ആക്രമിച്ച പ്രതിയുടെയും ചിത്രവും നൽകിയതിന് 'കേരളകൗമുദി'യോട് പൊലീസ് സേനാംഗങ്ങൾ അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നന്ദി രേഖപ്പെടുത്തി. മറ്റ് പല പ്രമുഖ പത്രങ്ങളും ഒരു കോളത്തിലും അകത്തെ പേജുകളിലേക്കുമായി വാർത്ത ഒതുക്കി​യപ്പോൾ 'കേരളകൗമുദി' നൽകിയ പിന്തുണക്ക് നന്ദിയുണ്ട്. ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായിട്ടും പിന്തുണ നൽകാത്തവരോട് എന്തുപറയാനാണെന്നും ഗ്രൂപ്പി​ൽ അഭി​പ്രായങ്ങൾ ഉയർന്നു.