കൊച്ചി: വൈവിധ്യത്തിലധിഷ്ഠിതമായ ദേശീയത എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയത്തിനെതിരായി സംഘ പരിപാർ ശക്തികൾ നടത്തുന്ന കടന്നാക്രമണങ്ങളാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എറണാകുളം ബി.എസ്.എൻ.എൽ ഭവനു മുമ്പിൽ നടന്ന എൽ.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിന്റേയും കാശ്മീർ വിഭജനത്തിന്റേയും പിന്നാലെ ലക്ഷ്വദ്വീപിന് നേരെയുള്ള ഈ ആക്രമണവും സംഘ പരിവാർ അജണ്ടയുടെ ഭാഗമാണെന്നും പിസി ചാക്കോ പറഞ്ഞു. ജനദാദൾ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോർജ് അധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് നേതാക്കളായ പി.ജെ. കുഞ്ഞുമോൻ, ടി.എസ്. ഷൺമുഖദാസ് , പ്രഭാകര നായിക് എന്നിവർ പ്രസംഗിച്ചു.