കൊച്ചി: വൈറ്റിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ട്രാൻസ്‌ജെൻഡർ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി വേലംകോട് പൊളപ്പാളിൽ ശ്രീധന്യ (രാജേഷ് 33) ആണ് മരിച്ചത്. വൈറ്റില എൽ.എം. പൈലി റോഡിലുള്ള രണ്ടുനില വീടിന്റെ മുകളിലത്തെ നിലയിൽ മറ്റൊരു ട്രാൻസ്ജെൻഡർക്കൊപ്പമായിരുന്നു താമസം.

ഒപ്പമുണ്ടായിരുന്നയാൾ കഴിഞ്ഞമാസം 24ന് നാട്ടിലേക്കു പോയതോടെ ശ്രീധന്യ തനിച്ചായിരുന്നു. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് കൂടെ താമസിച്ചിരുന്നയാൾ അറിയിച്ചതുപ്രകാരം ബുധനാഴ്ച രാത്രി വീട്ടുടമ എത്തിയപ്പോഴാണ് ജഡം കണ്ടത്. വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ശ്രീധന്യയ്ക്ക് കൊവിഡിനെ തുടർന്ന് ജോലിയില്ലാതായി. രണ്ടുദിവസം മുമ്പു പനിയും ഛർദിയുമുണ്ടായതായി കൂടെ താമസിച്ചിരുന്നയാൾ പൊലീസിനെ അറിയിച്ചു. സമീപത്തു താമസിക്കുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.