ravi-poojari

കൊച്ചി: സിനിമാനടി ലീന മരിയ പോളിന്റെയും പങ്കാളി ശേഖർ ചന്ദ്രശേഖറിന്റെയും കൈവശമെത്തിയ കോടികളുടെ ഹവാലപ്പണം ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്തതാണ് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പെന്ന് അധോലോക നായകൻ രവി പൂജാരി കുറ്റസമ്മതം നടത്തി. 25 കോടി രൂപ ആവശ്യപ്പെട്ട് പലകുറി ഭീഷണിപ്പെടുത്തിയെങ്കിലും നടി വഴങ്ങിയില്ല. തുടർന്ന് കേരളത്തിലെ തന്റെ അനുയായി​കളെ ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നും ഭീകരവിരുദ്ധ സ്‌ക്വാഡും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ ചോദ്യംചെയ്യലിൽ രവിപൂജാരി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി ഐ.ജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ജില്ലാ ആസ്ഥാനത്തെത്തിച്ച് ഇന്നും ചോദ്യം ചെയ്യും.
2018 ഡിസംബർ 15 നാണ് നടി ലീന മരിയയുടെ ബ്യൂട്ടി പാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിവച്ചത്. നാലുദിവസം കഴിഞ്ഞ് മലയാളം ടി.വി ചാനലിൽ വിളിച്ച് താനാണ് ആക്രമണത്തിന് പി​ന്നി​ലെന്ന് പൂജാരി​ അവകാശപ്പെടുകയായിരുന്നു. വെടിവയ്പ് നടത്തിയ ആലുവ കോമ്പാറ സ്വദേശി ബിലാൽ (35), കടവന്ത്ര കസ്തൂർബാനഗർ വിപിൻ വർഗീസ് (30) എന്നിവർ ക്രൈംബ്രാഞ്ചിന്റെ പി​ടി​യിലായി​.

ലീന മരിയയെയും ടി.വി ചാനലിലും വിളിച്ചത് പൂജാരി തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ശബ്ദസാമ്പിൾ ശേഖരിക്കും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഡോൺ എന്ന പേരിൽ 2018 ൽ ഫോൺ വിളിയെത്തിയിരുന്നു. ഇത് പൂജാരിയാണെന്ന് സംശയമുണ്ട്.