കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണ സംഘം ഇന്നെടുക്കും. ഇതിനായി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീലേക്ക് പൂജാരിയെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സുരക്ഷാപ്രശ്നം പരിഗണിച്ചാൽ നെടുമ്പാശേരി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ( എ.ടി.എസ്) ആസ്ഥാനത്ത് തന്നെ ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കും.
കൊച്ചിയിലേയും കാസർകോട്ടേയും വെടിവയ്പ്പിന് പിന്നിൽ താനാണെന്ന് പൂജാരി ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി വേഗത്തിലാക്കുന്നത്. ബ്യൂട്ടിപാർലർ വെടിവയ്പ്പിന് ശേഷം കൊച്ചിയിലെ ഒരു മാദ്ധ്യമ സ്ഥാപനത്തിലേക്ക് വിളിച്ചിരുന്നു. ഈ ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ അറിവോടെയാണ് വെടിവയ്പ്പ് ആസൂത്രണം ചെയ്തെന്നാണ് വിവരം. വെടിവയപ്പ് താൻ നേരിട്ട് നടത്തിയതാണെന്ന പൂജാരിയുടെ മൊഴി എ.ടി.എസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടാകുമെന്നാണ് അന്വേഷണ സംഘം ഉറച്ചു വിശ്വസിക്കുന്നത്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് മുംബയ് സ്വദേശി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്‌ക്വാഡ് മേധാവി ഐ.ജി. അനൂപ് കുരുവിളയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.
നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതുപോലെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും പണം തട്ടാൻ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിയും. കൊടുംകുറ്റവാളിയായ ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ഡോൺ എന്ന പേരിൽ ഫോണിൽ 2018 ൽ ഫോൺ വിളിയെത്തിയിരുന്നു. ഇത് പൂജാരിയാണെന്ന് സംശയമുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ അന്വേഷിക്കും. കർണാടക പൊലീസും പൂജാരിക്കൊപ്പമെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.2018 ഡിസംബർ 15 നാണ് നടി ലീന മരിയയുടെ ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചത്.
പൂജാരിയുടെ വെളിപ്പെടുത്തൽ
ദീർഘകാലം ദുബായിലായിരുന്ന ലീന മരിയ പോളിനും പങ്കാളി ശേഖർ ചന്ദ്രശേഖറിനും കോടികളുടെ ഹവാലപ്പണം ലഭിച്ചതായി തന്റെ ശൃംഖല വഴി വ്യക്തമായി മനസിലാക്കിയിരുന്നു. ഈ പണം തട്ടിയെടുക്കാനാണ് ഓപ്പറേഷൻ നടത്തിയത്. 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പലകുറി ഭീഷണിപ്പെടുത്തിയെങ്കിലും നടി വഴങ്ങിയില്ല. തുടർന്നാണ് ഭയപ്പെടുത്താൻ തന്റെ ആളുകളെ ഉപയോഗിച്ച് ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പിച്ചത്.
ഹവാല വഴിയും മറ്റും പണം സമ്പാദിക്കുന്നവരെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാറുണ്ട്. ഹവാലപ്പണമായതിനാൽ പരാതി നൽകാൻ നിൽക്കാതെ പണം നൽകുകയാണ് മറ്റുള്ളവർ ചെയ്യാറുള്ളത്. നടിക്ക് ലഭിച്ച പണത്തിന്റെ ഉറവിടവും സൂക്ഷിക്കുന്നതുൾപ്പെടെ വിവരങ്ങളും തന്റെ ആളുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ വിഹിതമാണ് ആവശ്യപ്പെട്ടത്. പലകുറി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറാകാത്തതുകാരണമാണ് വെടിവയ്പ്പ് നടത്തിയത്.