കൊച്ചി: കൊവിഡ് മഹാമാരി കാലത്ത് കൈത്തറി തൊഴിലാളികളെ ഇ.എസ്.ഐ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി പുന:പരിശേധിക്കണമെന്ന് കൈത്തറി അസോസിയേഷൻ ആവശ്യപ്പെട്ടു.

തൊഴിൽ പ്രതിസന്ധിക്കിടെ ഇ.എസ്.ഐ വിഹിതം അടയ്ക്കാൻ സാധിക്കാത്തതാണ് ആനുകൂല്യം നിക്ഷേധിക്കാനുള്ള കാരണം. എന്നാൽ 2020 ജനുവരി മുതൽ കൈത്തറി മേഖല കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിയുടെ ആക്കം കൂടി. കഴിഞ്ഞ ഒന്നര വർഷമായി ഒന്നിടവിട്ടുള്ള മാസങ്ങളിലാണ് തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിച്ചത്. അതുകൊണ്ടുതന്നെ തൊഴിൽ ദിനങ്ങൾ കണകാക്കി സംഘങ്ങളിൽ നിന്നും കൃത്യസമയത്ത് ഇ.എസ്.ഐ വിഹിതം അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതിനുമുമ്പുവരെ കൃത്യമായി വിഹിതം അടച്ചിരുന്നവർക്ക് പുതിയ സാഹചര്യം മുതലെടുത്ത് മേജർ ചികിത്സക്കുള്ള സാഹചര്യം നിഷേധിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. വിഹിതം മുടങ്ങിയത് തൊഴിലാളികളുടെയൊ തൊഴിൽ സ്ഥാപനത്തിന്റെയൊ കുഴപ്പംകൊണ്ടല്ല, കൊവിഡ് മാഹാമാരിമൂലമാണെന്ന വസ്തുത ഇ.എസ്.ഐ കോർപ്പറേഷനും മനസിലാക്കണം. ആയതിനാൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് കൈത്തറി അസോസിയേഷൻ എറണാകുളം ജില്ല കൺവീനർ ടി.എസ്.ബേബി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.