thanal
തണൽ ഭവനപദ്ധതിയുടെ 69 ാമത്തെ വീടിന് ഹൈബി ഈഡൻ എം.പി. കടമക്കുടിയിൽ തറക്കല്ലിടുന്നു

കൊച്ചി: സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന തണൽ ഭവനപദ്ധതിയുടെ 69-ാമത്തെ വീടിന് ഹൈബി ഈഡൻ എം.പി തറക്കല്ലിട്ടു.

2018 ലെ പ്രളയായനന്തരം അന്ന് എം.എൽ.എ ആയിരുന്ന ഹൈബി ഈ‌‌ഡൻ എറണാകുളം മണ്ഡലത്തിൽ സ്വന്തം നിലയിൽ ആവിഷ്കരിച്ച ഭവന നിർമാണ പദ്ധതിയാണ് തണൽ. പിന്നീട് എം.പി. ആയപ്പോൾ തലണലിന്റെ വ്യാപ്തി എറണാകുളം പാർലമെന്റ് മണ്ഡലം മുഴുവനായി വ്യാപിപ്പിച്ചു. പദ്ധതിയിലൂടെ ഇതുവരെ 68 പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി. കഴിഞ്ഞ ദിവസം തറക്കല്ലിട്ട വീട് കടമക്കൂടി പഞ്ചായത്ത് 9-ാം വാർഡിലെ പനച്ചിക്കപറമ്പിൽ സെബാസ്റ്റ്യനുവേണ്ടിയാണ്. ലയൺസ് ക്ലബ്‌സ് ഡിസ്ട്രിക്ട് 318 -സി ആണ് വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

അടുത്തിടെ കടൽക്ഷോഭം നേരിട്ട ചെല്ലാനത്ത് തണൽ ഭവന പദ്ധതിയുടെ ഭാഗമായി ഏഴ് വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു. തറക്കല്ലിടൽ ചടങ്ങിൽ ലയൺസ് ക്ലബ് ഭവന പദ്ധതി ചെയർമാൻ അഡ്വ. എ.വി. വാമനകുമാർ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എൽ.സി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിവേക് ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ സജിനി ജ്യോതിഷ്, അഗസ്റ്റിൻ ഹൈബിൻ, കോൺഗ്രസ് നേതാക്കളായ ദീപക് ജോയ്, അഡ്വ. റെബിൻസൺ, എം.കെ.കിഷോർ , സുധാകരൻ, അഗസ്റ്റിൻ, മേരി റീന, വില്യംസ്, ഗ്ലാഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.