narauyana-swamy
നാരായണ സ്വുാമി​

കൊച്ചി :എറണാകുളം രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും പ്രിൻസിപ്പലുമായ ടി.കെ.നാരായണസ്വാമിയുടെ (66)അപ്രതീക്ഷിത വിയോഗം ലോകമെമ്പാടുമുള്ള ശിഷ്യർക്ക് തീരാവേദനയായി. കൊവിഡ് മരണമായതിനാൽ അന്തിമോപചാരം അർപ്പിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ജഡ്‌ജിമാർ ഉൾപ്പെടെയുള്ള ശിഷ്യർ. കുറഞ്ഞത് ഒരു ലക്ഷം പേരെയെങ്കിലും ഇദ്ദേഹം ടൈപ്പ്‌റൈറ്റിംഗും ഷോർട്ട്‌ഹാൻഡും പഠിപ്പിച്ചിട്ടുണ്ടെന്ന് പത്നി കല പറയുന്നു.

നാരായണ സ്വാമിയുടെ അച്ഛൻ കൃഷ്ണയ്യർ 86 വർഷം മുമ്പ് ജോസ് ബ്രദേഴ്സ് ബിൽഡിംഗിൽ ഇൻസ്‌റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചു . പിന്നീട് ഇത് പാർത്ഥാസിന് പിന്നിലേക്ക് പ്രവർത്തനം മാറ്റി. സ്കൂൾ പഠനകാലത്തു തന്നെ സുന്ദരം എന്നറിയപ്പെടുന്ന നാരായണസ്വാമി പരിശീലകന്റെ റോളിലെത്തി. ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നുള്ള കൃഷ്ണകൃപയിലായിരുന്നു കുടുംബം താമസം.

ഇംഗ്ളീഷ്, മലയാളം, ഹിന്ദി ടൈപ്പ്‌റൈറ്റിംഗും മലയാളം, ഇംഗ്ളീഷ് ഷോർട്ട്‌ഹാൻഡ് കോഴ്സുകളുമായിരുന്നു പാഠ്യവിഷയം. പണ്ട് പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം കുട്ടികൾ ടൈപ്പ്‌റൈറ്റിംഗ് പഠിക്കാൻ ഇവിടെയെത്തും. ഡിഗ്രി കഴിയുമ്പോഴേക്ക് ഭൂരിഭാഗം പേർക്കും ജോലിയാകും. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ ഇവിടുത്തെ ആറ് വിദ്യാർത്ഥികൾ സർക്കാർ ഉദ്യോഗസ്ഥരായി. പി.എസ്.സി ടൈപ്പിസ്റ്റ് തസ്തികയിലെ ഉദ്യോഗാർത്ഥികൾക്ക് സ്വാമി പ്രത്യേക പരിശീലനം നൽകിയിരുന്നു.

നിർദ്ധനർക്ക് ഫ്രീയാണ്. പഠനം കഴിഞ്ഞ് ജോലി കിട്ടുംവരെ അവർ പരിശീലകരാകും.

ദിവസം 300-350 വിദ്യാർത്ഥികൾ വിവിധ ബാച്ചുകളിലായി പഠിച്ചിരുന്നു. ഉച്ചഭക്ഷണത്തിനും സന്ധ്യാപൂജയ്ക്കും മാത്രമാണ് സ്വാമി വീട്ടിലെത്തുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 22 ന് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. 42 വിദ്യാർത്ഥികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ആറു രൂപയിൽ തുടങ്ങിയ ഫീസ് ഇപ്പോൾ മണിക്കൂറിന് 600 രൂപയായി. 2020 ജനുവരിയിൽ ഇൻസ്റ്റ്യൂട്ടിന്റെ 85ാം വാർഷികം ഗംഭീരമായി ആഘോഷിച്ചു.

ആരോഗ്യവാനായിരുന്ന സ്വാമികഴിഞ്ഞ മാസമാണ് കൊവിഡ് ബാധിതനായത്. 11 ന് നെഗറ്റീവായി. പിന്നീട് ന്യുമോണിയ പിടിപെട്ടതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

എറണാകുളം ഗ്രാമജന സമൂഹം മുൻസെക്രട്ടറിയാണ്. 2015 ൽ എറണാകുളം സൗത്ത് ഡിവിഷനിലെ ബി.ജെ പി സ്ഥാനാർത്ഥിയായി. ഭാര്യ: കല. മകൻ : വിഷ്ണു