ആലുവ: ആലുവയിൽ കൊവിഡ് പ്രതിരോധമഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും ഓൺലൈൻ യോഗം തീരുമാനിച്ചു.മണ്ഡലത്തിലെ ചെറുതും വലുതുമായ കാനകൾ, തോടുകൾ എന്നിവ നീരൊഴുക്കു തടയാതെ ശൂചീകരിക്കും. പി.ഡബ്ലു.ഡി റോഡുകൾ, മറ്റു റോഡുകൾ, പെരിയാർവാലി കനാൽ സൈഡ് എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള എല്ലാ മരങ്ങളും മുറിച്ചു മാറ്റും.

മണ്ഡലത്തിലെ കൊവിഡ് ഡോമിസിയറി കെയർ സെന്ററുകളുടെയും പ്രവർത്തനം വിലയിരുത്തി. ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ ശൂചീകരണം നടത്തുന്നതിന് സിയാലിനോടും, ചൂർണ്ണിക്കര പഞ്ചായത്തിലെ മെട്രോ യാർഡു പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കി തോടുകൾ ശൂചീകരിക്കുന്നതിന് കൊച്ചി മെട്രോയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. മേജർ ഇറിഗേഷൻ പരിധിയിൽ വരുന്ന മാഞ്ഞാലി തോട് ഉൾപ്പെടെയുള്ള തോടുകൾ അടിയന്തിരമായി ശുചീകരിക്കാൻ ഇറിഗേഷൻ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, സെബാ മുഹമ്മദാലി, ഗ്രേസി ദയാനന്ദൻ, രാജി സന്തോഷ്, പ്രീത കുഞ്ഞുമോൻ, സതിലാലു, തഹസീൽദാർ എസ്.എൻ. അനിൽകൂമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.