ku

₹ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സർക്കാരിന്റെ അപ്പീലിൽ

₹അസാധുവാക്കപ്പെട്ടിരുന്നത് 58 അദ്ധ്യാപക നിയമനങ്ങൾ

കൊച്ചി: കേരള സർവകലാശാലയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ അദ്ധ്യാപക ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിച്ച് സംവരണം നിർണയിക്കാനുള്ള 2014ലെ സർവകലാശാല നിയമഭേദഗതിയും ,ഇതനുസരിച്ച് നിയമനം നടത്താൻ 2017ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനവും റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.

വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിക്കുമ്പോൾ ചില വകുപ്പുകളിൽ സംവരണ വിഭാഗങ്ങൾക്ക് മാത്രമായി നിയമനം നൽകുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ആരോപിച്ച് കാലിക്കറ്റ് സർവകലാശാലയിലെ ലൈഫ് സയൻസ് വിഭാഗം അദ്ധ്യാപകനായ ഡോ. ജി. രാധാകൃഷ്‌ണപിള്ളയുൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളിൽ മാർച്ച് 31നാണ് നിയമഭേദഗതിയും വിജ്ഞാപനവും സിംഗിൾബെഞ്ച് റദ്ദാക്കിയത്.ഇതു വഴി,കേരള സർവകലാശാല സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളാണ് അസാധുവാക്കപ്പെട്ടിരുന്നത്.

അദ്ധ്യാപക ഒഴിവുകളെല്ലാം ചേർത്ത് ഒറ്റ യൂണിറ്റായല്ല കണക്കാക്കുന്നതെന്നും വിവിധ വകുപ്പുകളിലെ പ്രൊഫസർ, അസി. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തുടങ്ങിയ കാറ്റഗറികളായാണ് ഒഴിവുകൾ പരിഗണിക്കുന്നതെന്നും സർക്കാരിന്റെ അപ്പീലിൽ പറയുന്നു. ഒാരോ കാറ്റഗറിയിലുമുള്ളവരുടെ വിദ്യാഭ്യാസയോഗ്യത, ശമ്പളം, ജോലി ഇവയൊക്കെ സമാനമാണ്. ആ നിലയ്ക്ക് ഒാരോ കാറ്റഗറിയും ഒാരോ യൂണിറ്റായി പരിഗണിക്കുന്നതിൽ അപാകതയില്ല. ഇക്കാര്യം വിലയിരുത്താതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നും, നിയമഭേദഗതി ഇതിനൊപ്പം റദ്ദാക്കിയതിന് കാരണം പറഞ്ഞിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.

ഇന്നലെ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അനുവദിക്കുകയായിരുന്നു. അപ്പീലിൽ വാദം നേരത്തെ കേൾക്കണമെന്ന് കേസിലെ കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂലായ് 12ന് പരിഗണിക്കാൻ മാറ്റി.