ആലുവ: എടത്തല പഞ്ചായത്ത് നാലാംവാർഡ് അംഗവും പ്രതിപക്ഷ നേതാവുമായ എൻ.എച്ച്. ഷെബീറിന്റെ ലോക്ക് ഡൗൺകാല സേവനങ്ങൾ ജനപ്രതിനിധികൾക്കാകെ മാതൃകയാകുന്നു. വാർഡിൽ ആകെയുള്ള 800ഓളം കുടുംബങ്ങളിൽ 90 ശതമാനം വീടുകളിലും ഭക്ഷ്യധാന്യക്കിറ്റ്, പച്ചക്കറികിറ്റ് കൂടാതെ മൂന്ന് ടൺ കപ്പയും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് എത്തിച്ചത്.
വാർഡിലെ കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഡോക്ടറുടെ സേവനം, മരുന്നുകൾ, ആംബുലൻസ് സർവീസ്, മാനസികസംഘർഷം കുറക്കാനുള്ള കൗൺസലിംഗുകൾ തുടങ്ങിയവയ്ക്കും ഷെബീർ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളിൽ ഭക്ഷണം തയ്യാറാക്കാൻ കഴിയാത്തവർക്ക് ഭക്ഷണവും എത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയെങ്കിലും കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽനിന്ന് കൃത്യമായി ഭക്ഷണമെത്തിക്കുന്നു. നെഗറ്റീവായവരുടെ വീടുകളിൽ സാനിറ്റൈസേഷൻ, ഫോഗിംഗ് ഉൾപ്പെടെയുള്ള അണുനശീകരണവും നടത്തുന്നു. വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ജാഗ്രതസമിതി അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർ, വാർഡ്തല നോഡൽ ഓഫിസർ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ തുടങ്ങി നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയുമുണ്ട്.