ഇലഞ്ഞി: വ്യാഴാഴ്ച്ച രാത്രി പെയ്ത് കനത്ത മഴയിൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മൂന്നര ഏക്കർ വരുന്ന റബർ തോട്ടത്തിൽ ഉരുൾപൊട്ടി. ജില്ലയിലെ ടൂറിസം കേന്ദ്രമായ കൂരുമലയുടെ താഴ്‌വാരത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. കൂരുമലയുടെ ഉയർന്ന പ്രദേശത്തുനിന്നും ഉരുൾപൊട്ടിയ വെള്ളവും മണ്ണും കല്ലും ഉൾപ്പെടെ സ്വകാര്യവ്യക്തികളുടെ റബർ തോട്ടത്തിലൂടെ ഒഴുകി ഇറങ്ങിയിരുന്നു. ഈ പ്രദേശത്ത് ജനവാസമില്ലാത്തതിനാൽ അപകടം ഒഴിവായി. പരിസര പ്രദേശത്ത് താമസിക്കുന്ന ഏഴോളം കുടുംബങ്ങൾ ഭീതിയിലാണ്.
മൂന്നര ഏക്കറോളം വരുന്ന റബർ തോട്ടത്തിലൂടെ ഉരുൾപൊട്ടി ഇറങ്ങിയതിനാൽ അഞ്ചു വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ ഉൾപ്പെടെ സ്ഥലം ഒഴുകിപ്പോയി.
ഉരുൾപൊട്ടൽ ഉണ്ടായതിന് സമീപം താമസിക്കുന്ന ഒമ്പത് വീട്ടുകാരെയും മാറ്റി താമസിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും രണ്ട് കുടുംബങ്ങളിലായുള്ള എട്ട് പേർ ഇന്നലെ തന്നെ കൂർ സെന്റ് സേവ്യേഴ്സ് സ്കൂളിലേക്ക് താമസം മാറിയതായും പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസ് അറിയിച്ചു.രണ്ട് വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറുകയും ബാക്കിയുള്ളവർ പശുക്കളും മറ്റ് മൃഗങ്ങളും ഉള്ളതിനാൽ ഇന്ന് മാറി താമസിക്കുമെന്നും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ മോളി എബ്രഹാം പറഞ്ഞു.