മൂവാറ്റുപുഴ: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് കേരളത്തിന്റെ കാർഷിക മേഖലക്ക് പുത്തൻ ഉണർവേകുന്നതാണന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു. കേരളവികസനത്തിന് പുതിയ ദിശാബോധം നൽകുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും റബർ ഉൾപ്പടെയുള്ള മേഖലക്ക് ഊന്നൽ നൽകുവാനുള്ള തീരുമാനം കാർഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. തോട്ടം മേഖലയിൽ നിശ്ചിത ശതമാനം സ്ഥലത്ത് പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവതരമായ തീരുമാനങ്ങളിലേക്ക് കടക്കുന്നത് സ്വാഗതാർഹമാണന്നും റബ്ബർ ഉൾപ്പെടെ ഉള്ള തോട്ടവിളകളുടെ വിലയിടിവ് മൂലം കർഷകർ നട്ടം തിരിയുന്ന സാഹചര്യത്തിൽ മാംഗുസ്റ്റിൻ, റം ബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട് , ലോകൻ, എന്നീ ഫ്രൂട്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തുമെന്നും എൽദോ എബ്രഹാം പറഞ്ഞു.