കൊച്ചി: പേമാരിയെയും വെള്ളക്കെട്ടിനെയും നേരിടുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോർപ്പറേഷൻ . കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ അതേ മാതൃകയിൽ നഗരത്തെ എട്ടു സോണുകളായി തിരിച്ച് അസി.എക്സിക്യൂട്ടീവ് എൻജിനിയർമാരെ ചുമതല ഏല്പിക്കാനാണ് തീരുമാനം. എല്ലാ സോണുകളിലും ആരോഗ്യ വിഭാഗവുമായി ചേർന്നു ഒരു റാപിഡ് റെസ്‌പോൺസ് ടീമിന് രൂപം കൊടുത്തിട്ടുണ്ട്. എൻജിനീയറിംഗ് , ഹെൽത്ത് വിഭാഗം ജീവനക്കാരാണ് ഈ സമിതിയിലുള്ളത്. കനത്ത മഴയുണ്ടായാൽ അടിയന്തര പ്രവർത്തനങ്ങൾ നടത്തേണ്ടത് ഈ സമിതിയാണ്. വിവിധ വിഭാഗങ്ങളെ കോർത്തിണക്കാൻ കൺട്രോൾ റൂം പ്രവർത്തിക്കും. പകൽ,രാത്രി ഡ്യൂട്ടിക്കായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വേലിയേറ്റ സമയത്ത് മഴ ശക്തമായി പെയ്താൽ വെള്ളം ഒഴുക്കി കളയുന്നതിന് ധാരാളം തടസങ്ങളുണ്ട്. ഇത്തരം അടിയന്തരഘട്ടങ്ങളെ നേരിടുന്നതിനാണ് പ്രത്യേക സംഘത്തെ സജ്ജമാക്കുന്നത്.
കണയന്നൂർ തഹസിൽദാർ ബീന നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. റെവന്യൂ, ഫയർ ഫോഴ്‌സ്, കെ.എസ്.ഇ.ബി ,ഇറിഗേഷൻ തുടങ്ങി വിവിധ വകുപ്പുകളെ കോർത്തിണക്കി മൺസൂണിനെ പ്രതിരോധിക്കാനാണ് കോർപ്പറേഷന്റെ ശ്രമം.
ക്യാമ്പുകൾ നിശ്ചയിച്ചു
തോട് ശുചീകരണം 90 ശതമാനം പൂർത്തിയായി. ചെറിയ കാനകളിലെ ചെളി കോരിമാറ്റി. ക്യാമ്പുകളാക്കി മാറ്റേണ്ട സ്കൂളുകൾ, ജനറേറ്റർ, ഭക്ഷണവിതരണത്തിനുള്ള സംവിധാനം, കിടക്കകൾ തുടങ്ങിയ കാര്യങ്ങളിൽ ധാരണയായി. കൊവിഡ് ലക്ഷണങ്ങളുള്ള രോഗികൾക്ക് പ്രത്യേക സൗകര്യം ഒരുക്കും.
അഡ്വ.എം.അനിൽകുമാർ
മേയർ
ഡ്രൈഡേ ആചരിക്കും
പകർച്ചവ്യാധികളെ തടയുന്നതിനായി എല്ലാ ഡിവിഷനുകളിലും ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും.
കൊതുക് വളരാതിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ചിരട്ട ,പാത്രങ്ങൾ, പൂച്ചട്ടികൾ എയർകണ്ടീഷനറുകൾ റഫ്രിഡ്ജറേറ്റർ തുടങ്ങിയവയിൽ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കികളയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.