മുളന്തുരുത്തി: ഹരിത ട്രൈബുണലിന്റെ വിധിക്കും കോണത്തു പുഴയെ രക്ഷിക്കാനായില്ല. കൈയേറ്റവും ശുചീകരണവും അനന്തമായി നീളുന്നു.ആമ്പല്ലൂർ, മുളന്തുരുത്തി ഉദയംപേരൂർ, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന,പുത്തൻകാവു മുതൽ ഇരുമ്പനം വെട്ടുവേലിക്കടവു വരെ17 കിലോമീറ്ററാണ് കോണത്തു പുഴ.
ശുചീകരിക്കുകയും കൈയേറ്റവും ഒഴിപ്പിക്കണമെന്നും ഹരിത ട്രൈബുണൽ വിധിച്ചിരുന്നു.ഇതുടർന്ന് താലൂക്ക് സർവ്വേ വിഭാഗം ആരംഭിച്ച ജോലി ഇന്നും പൂർത്തിയായില്ല.പല ഭാഗത്തും പുഴയുടെ വീതികുറഞ്ഞു തോടിന്റെ രൂപത്തിലായി. കൈയേറ്റം ഒഴിപ്പിക്കുയും വീതിയും ആഴവും കൂട്ടുകയാാണ്ആദ്യം നടക്കേണ്ടത്. ഇത് ഇതുവരെയും നടന്നില്ല. ഒഴുക്കില്ലാത്തതിനാൽ മഴ ശക്തമാകുമ്പോൾ സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറുന്നത് പതിവാണ്. ഇക്കുറിയും ആമ്പല്ലൂർ, തെക്കൻ പറവൂർ എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു.
ചെലവാക്കിയത് ലക്ഷങ്ങൾ
കോണത്തു പുഴ ശുചീകരണത്തിന്റെ പേരിൽ പല ഘട്ടങ്ങളിലായി ഇതുവരെ ജില്ലാ പഞ്ചായത്ത് അടക്കം ലക്ഷക്കണക്കിനു രൂപയാണ് ചെലവിട്ടത്. പക്ഷെ ഇതെല്ലാം പായൽ നീക്കുന്നതിൽ അവസാനിക്കും. എം.സ്വരാജ് എം.എൽ എയായി എത്തിയപ്പോൾ 17 കോടിയുടെ ഒരു പദ്ധതിക്കായി ശ്രമം നടന്നുവെങ്കിലും നടപ്പായില്ല.കഴിഞ്ഞവർഷം വെള്ളം ഉയർന്നപ്പോൾ എം.എൽ.എ ഇടപെട്ട് 15 ലക്ഷം രൂപ ലഭ്യമാക്കി ഇതു ഉപയോഗിച്ച് തൃപ്പൂണിത്തുറ ഭാഗത്തെ പുഴ ശൂചീകരിച്ചു. പുഴയ്ക്ക് വീതിയില്ലാത്തതിനാൽ പുഴയിലൂടെ മറ്റു ഭാഗങ്ങളിൽ ജെ.സി.ബി കൊണ്ടു പോകുവാൻ കഴിഞ്ഞില്ല. ഇതോടെ ശുചീകരണം നിർത്തി.ലക്ഷങ്ങൾ മുടക്കി ഇറിഗേഷൻ വകുപ്പ് വാങ്ങിയ ജെ.സി.ബി ഇപ്പോഴും പുതിയകാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പുത്തൻകാവിൽ കിഫ്ബിയുടെ സഹായത്തോടെ 23 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ നിർമ്മാണം ആരംഭിച്ചു. എന്നാൽ റെഗുലേറ്റർ നിർമ്മാണം പൂർത്തിയായാലും ഇതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ പുഴയിൽ ഒഴുക്കു സുഗമമാകണം.ഇതിനായി പുഴയിൽ ശുചീകരണം നടക്കണം.വീതിയും കൂട്ടണം.
കോണത്തു പുഴയിലെ ഒഴുക്കു വർദ്ധിപ്പിക്കുന്നതിന് കൈയേറ്റം ഒഴിപ്പിച്ച് വീതികൂട്ടണം. ഇക്കാര്യത്തിൽ എം.എൽ.എമാർ ഇടപെട്ട് പ്രത്യേക പദ്ധതി തന്നെ കൊണ്ടുവരണം
വി.പി പ്രസാദ്
ചെയർമാൻ
ട്രുറ