budjet

കൊച്ചി: രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിനെ സ്വാഗതംചെയ്ത് വ്യവസായ, വാണിജ്യ ലോകം.

വ്യാപാരി-വ്യവസായികളെ സമർദ്ദത്തിലാക്കിയുള്ള നികുതി പിരിവിന്റെ ആവശ്യമില്ലെന്നും വളർച്ച സാധാരണ നിലയിലെത്തുമ്പോൾ നികുതി ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിറവേറ്റുന്നവരാണ് ഭൂരിഭാഗവുമെന്നും ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നികുതി വെട്ടിപ്പുകൾ തടയാനും കർക്കശമായ നടപടികൾ സ്വീകരിക്കും. മന്ത്രി പറഞ്ഞു. ബഡ്‌ജറ്റിനോട് പ്രമുഖവ്യവസായികൾ പ്രതികരിക്കുന്നു.

 ജനക്ഷേമകരം

സർവജനക്ഷേമവും വികസനവും മുൻനിറുത്തിയ ബഡ്ജറ്റാണ്. രണ്ടാം കൊവിഡ് പാക്കേജ് യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന നിർദ്ദേശങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടിയാണ്. പ്രവാസിക്ഷേമത്തിന് ഊന്നൽ നൽകുന്ന വായ്പാ പദ്ധതി ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് ആശ്വാസമാകും. പുതിയ നികുതി നിർദ്ദേശങ്ങളില്ലാത്തതും കൃഷി, തീരദേശം, ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയത് ജനങ്ങളിൽ ആത്മവിശ്വാസം പകരും.

എം.എ യൂസഫലി
ചെയർമാൻ
ലുലു ഗ്രൂപ്പ്

 സമ്പദ്ഘടനയ്ക്ക് കരുത്തേകും

കൊവിഡ് പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ പാക്കേജും വാക്‌സിന് 1,000 കോടി മാറ്റിവയ്ക്കുകയും ചെയ്ത ബഡ്ജറ്റ് സ്വാഗതാർഹമാണ്. 8,900 കോടി രൂപ ജനങ്ങൾക്ക് നേരിട്ടുനൽകാനും 8,300 കോടി പലിശ സബ്‌സിഡിക്ക് നീക്കിവച്ചതും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകും. അഞ്ച് അഗ്രിപാർക്കുകൾ ആരംഭിക്കാനും ടൂറിസം വിപണനത്തിന് 50 കോടി മാറ്റിവച്ചതും കാർഷികവായ്പാ പാക്കേജും കാർഷിക, വ്യവസായ സംരംഭങ്ങൾക്ക് പലിശ കുറച്ചതും ഗുണകരമായ കാൽവയ്പ്പാണ്.

ശ്രീനാഥ് വിഷ്ണു
ചെയർമാൻ
കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി

 സമയോചിതം


കൊവിഡ് പാക്കേജ് സമയോചിതമാണ്. കാർഷികരംഗത്തെ പദ്ധതികൾ ഭക്ഷ്യ, പച്ചക്കറിയിൽ ആശ്രിതത്വം കുറയ്ക്കും. വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നത് യുവജനങ്ങളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കും.

വി.പി. നന്ദകുമാർ
മാനേജിംഗ് ഡയറക്ടർ
മണപ്പുറം ഫിനാൻസ്

 വരുമാനം വർദ്ധിപ്പിക്കണം


തൊഴിലിനും സംരംഭകർക്കും പ്രാമുഖ്യം നൽകിയത് പ്രശംസനീയമാണ്. വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് സംരംഭകർക്ക് പ്രോത്സാഹനമാകും. കെ.ഡിസ്‌ക്, ടെക്‌നോളജി പ്‌ളാറ്റ്‌ഫോം എന്നിവയിൽ സംരംഭകരുമായി സഹകരിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. പദ്ധതികൾക്ക് വരുമാനം കണ്ടെത്താൻ ഗൗരവമായ നടപടികൾ ആലോചിക്കണം.

കെ. പോൾ തോമസ്
മാനേജിംഗ് ഡയറക്ടർ
ഇസാഫ് സ്‌മോൾ ഫിനാൻസ്

 നിക്ഷേപകരെ ആകർഷിക്കും

നൂറു കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് രൂപീകരിക്കാനുള്ള നിർദേശം യുവസംരംഭകർക്ക് പ്രോത്സാഹനവും സ്റ്റാർട്ടപ്പ് അനുകൂല സംവിധാനം സൃഷ്ടിക്കാനും സഹായകമാകും. നാട്ടിൽത്തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ജനങ്ങളുടെ ജീവനോപാധി വർദ്ധിപ്പിക്കുന്നതിൽ വീഴ്ച വരുത്താതെ പ്രളയങ്ങളും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനും ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകിയത് പ്രശംസനീയമാണ്. ഭരണത്തുടർച്ച നിക്ഷപസംസ്ഥാനമെന്ന നിലയിൽ കേരളത്തെ കൂടുതൽ ആകർഷകമാക്കും.

കെ. ഹരികുമാർ
പ്രസിഡന്റ്
കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി


 ഗുണകരം

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളുള്ള ബഡ്ജറ്റ് സ്വാഗതാർഹമാണ്. വ്യാപാര, വ്യവസായമേഖലകൾക്ക് സഹായകമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലം ചെറുകിട ഹോട്ടൽ, റെസ്‌റ്റോറന്റ് മേഖല ഉൾപ്പെടെ ചെറുകിട മേഖലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കണം.

ജി. ജയപാൽ
ജനറൽ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ

 പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല


റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് പ്രതീക്ഷിച്ച ഇളവുകളൊന്നും ലഭിച്ചില്ല. കൊവിഡ് സാഹചര്യത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് പ്രതീക്ഷിച്ചിരുന്നു. മറ്റു മേഖലകൾക്ക് നൽകിയ ഉത്തേജനം ഞങ്ങൾക്ക് ലഭിച്ചില്ല. ടൂറിസം, ആരോഗ്യ മേഖലകൾക്ക് നൽകിയ പരിഗണന സ്വാഗതാർഹമാണ്.

എം.എ. മെബബൂബ്
ചെയർമാൻ
ക്രെഡായ് കേരള

 വികസനോന്മുഖം


വരുമാനത്തിൽ കുറവുണ്ടായെങ്കിലും വികസനോന്മുഖമായ ബഡ്ജറ്റാണിത്. സൂക്ഷ്മ സംരംഭകർക്ക് പലിശസഹായവു മാർജിൻമണിയും നൽകാൻ 15 കോടി വകയിരുത്തിയത് സ്വാഗതാർഹമാണ്. പ്രതിസന്ധിയിലായ വ്യവസായികൾക്ക് 15 കോടി രൂപ വായ്പയ്ക്ക് മാറ്റിവച്ചത് സ്വാഗതാർഹമാണ്. വ്യവസായികളെ സമ്മർദ്ദത്തിലാക്കി നികുതി പിരിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസകരമാണ്.

എ. നിസാറുദ്ദീൻ
വൈസ് പ്രസിഡന്റ്
കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ


 വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും


വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ച നടപടികൾ പ്രശംസനീയമാണ്. മേഖലയ്ക്കുണ്ടായ തകർച്ചയെ മറികടക്കാനുതകുന്നതാണ് പ്രഖ്യാപനം. നിലവിലുള്ളതും പുതിയതുമായ സംരംഭകർക്ക് മൂല്യവർദ്ധനവിനും കരുത്തോടെ പ്രവർത്തിക്കാനും പ്രോത്സാഹനമാകും. സംസ്ഥാനത്തിന്റെ ചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നതാണ് കലയും സംസ്‌കൃതിയും. ഈ ആശയത്തിലൂന്നി വിനോദമേഖലയിൽ നടത്തുന്ന ഏത് നിക്ഷേപവും അന്താരാഷ്ട്ര സന്ദർശകരെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെയും ആകർഷിക്കും.

അദീബ് അഹമ്മദ്
മാനേജിംഗ് ഡയറക്ടർ
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്

വ്യാപാര സൗഹൃദ സംസ്ഥാനമാകുമെന്ന് പ്രതീക്ഷ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്‌ അസോസിയേഷൻ

കൊച്ചി: സംസ്ഥാന ബഡ്ജറ്റ് ചർച്ചാവേളയിൽ ആംനസ്റ്റി സംബന്ധിച്ച് കെ വാറ്റ് 25 A A പ്രകാരമുള്ള ഭേദഗതി പുതിയ ധനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. വാറ്റ് കുടിശിക സംബന്ധിച്ച ആംനസ്റ്റി അഥവാ പൊതുമാപ്പ് പുതുക്കി അവതരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കയറൂരി വിടില്ലെന്ന നിർദ്ദേശത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ തുടക്കമായി കാണുന്നു. നികുതി നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സമീപനത്തെ സ്വാഗതം ചെയ്യുന്നു.