കോലഞ്ചേരി: പ്രസവിച്ച ഉടനെ കുഞ്ഞിനെ പാറമടയിലെറിഞ്ഞ കേസിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞ് മുങ്ങിമരിച്ചതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണിത്. തിരുവാണിയൂർ പഴുക്കാമറ്റം പഴുക്കാമറ്റത്ത് വീട്ടിൽ ശാലിനിക്ക് (36) എതിരെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുക്കുന്നത്. ശ്വാസകോശത്തിൽ വെള്ളവും ചെളിയും കയറിയാണ് മരണം സംഭവിച്ചത്. കുട്ടി ചാപിള്ളയായതിനാലാണ് പാറമടയിലെറിഞ്ഞതെന്നായിരുന്നു ശാലിനിയുടെ ആദ്യമൊഴി. കൊലപാതകത്തിന് പരസഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അർദ്ധരാത്രി വീടിന് സമീപത്തെ പാറയ്ക്ക് മുകളിൽവച്ച് പ്രസവിച്ചശേഷം സമീപത്തെ പാറമടയിലേക്ക് കുഞ്ഞിനെ കല്ലിൽകെട്ടി വലിച്ചെറിയുകയായിരുന്നു. രക്തംവാർന്ന് അവശനിലയിലായ ശാലിനിയെ പൊലീസ് ആശുപത്രിയിലാക്കിയ ശേഷമാണ് പ്രസവം നടന്നതായി പുറത്തറിയുന്നത്.
ശാലിനിക്ക് നാലുമക്കൾ കൂടിയുണ്ട്. മൂത്തമകൾ വിവാഹിതയാണ്. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ ബന്ധുക്കളുടെ സംരക്ഷണയിലാക്കി.
ഭർത്താവുമായി പിണങ്ങിക്കഴിയുന്നതിനിടെ കുഞ്ഞുണ്ടായതിലെ നാണക്കേട് പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകം. എറണാകുളം ജനറൽ ആശുപത്രിയിൽ റിമാൻഡിൽ ചികിത്സയിലുള്ള ശാലിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.