കൊച്ചി : ലോക്ക്‌ഡൗൺ ഇളവ് ലഭിച്ചതോടെ ഭവനം സാന്ത്വനം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ വനിതാവിംഗിന്റെ നേതൃത്വത്തിൽ ഭവനരഹിതരായ സ്ത്രീകൾക്കും പെൺമക്കൾ മാത്രമുള്ള വിധവകൾക്കും മുൻഗണന നൽകി നടപ്പാക്കുന്ന പദ്ധതിയാണ് ഭവനം സാന്ത്വനം. നോർത്ത് പറവൂരിലെ കരുമാലൂരിൽ പണികഴിപ്പിക്കുന്ന മൂന്നാമത്തെ വീടിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ജനറൽസെക്രട്ടറി അഡ്വ.എജെ. റിയാസ് നിർവഹിച്ചു.വർക്കിംഗ് പ്രസിഡന്റ് ടി.ബി .നാസർ, വനിതാവിംഗ് സംസ്ഥാന ജനറൽസെക്രട്ടറി സുബൈദ നാസർ, സുനിതാവിനോദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽസെക്രട്ടറി കെ.എസ്.നിഷാദ്, ജോബി തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി, നെടുമ്പാശേരി എന്നിവിടങ്ങളിലായി രണ്ട് വീടുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. നെടുമ്പാശേരിയിലെ വീട് ഗുണഭോക്താവിന് കൈമാറി.