കൊച്ചി: ദുരിതമനുഭവിക്കുന്ന ചെല്ലാനത്തിന് ആശ്വാസമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികൾക്കായി 5300 കോടി രൂപയാണ് ധനമന്ത്രി കെഎൻ. ബാലഗോപാലിന്റെ കന്നി ബഡ്ജറ്റിൽ കണക്കാക്കിയിരിക്കുന്നത്. ലോകബാങ്ക്, നബാർഡ്, കിഫ് ബി എന്നിവയിലൂടെ ധനസഹായം ലഭ്യമാക്കും. തീരദേശ സംരക്ഷണത്തിന് ആകെ 11,000 കോടിയും കടലാക്രമണം നേരിടാൻ കിഫ് ബി വഴി 1500 കോടിയും ചെലവിടും.
അതേസമയം പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്താൽ മാത്രമേ തീരദേശത്തെ ജനങ്ങൾക്ക് ആശ്വാസമാവുകയുള്ളൂവെന്ന് ചെല്ലാനംകാർ പറയുന്നു. കഴിഞ്ഞ കടലാക്രമണത്തിൽ ചെല്ലാനത്ത് മാത്രം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലവർഷം വരുന്നതോടുകൂടി വീണ്ടും സ്ഥിതി പഴയതുപോലെയാകും. കഴിഞ്ഞ തവണയും പദ്ധതികളുണ്ടായി. പക്ഷേ ക്രിയാത്മകമായി പ്രവർത്തിച്ചാൽ മാത്രമേ തീരദേശത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് ചെല്ലാനം സ്വദേശി ഷിജു ജോസ് പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സംയോജിത സംരക്ഷണ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. കടൽക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം പോലുള്ള ജില്ലയിലെ പ്രദേശങ്ങൾക്ക് ആശ്വാസമാവുകയാണ് ഈ പദ്ധതി.
ജില്ലയിലെ ടൂറിസം മേഖലയ്ക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയൻ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാൻ നിർദ്ദേശമുണ്ട്. ഇതും കൊച്ചിയുടെ വികസനത്തിന് നേട്ടമാകും.