കൂത്താട്ടുകുളം: പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകേണ്ട സമയമാണിതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാരിന്റെ ഒരു കോടി ഫല വൃക്ഷത്തൈകളുടെ നിയോജകമണ്ഡലതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. വിദ്യാർത്ഥികളും യുവാക്കളുമടക്കം ഈ വെല്ലുവിളി ഏറ്റെടുക്കണം. ഫലവൃക്ഷ തൈകൾ പരമാവധി വീടുകളിൽ എത്തിക്കുവാനും അത് സംരക്ഷിച്ച് മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള നടപടി വകുപ്പ് തലത്തിൽ ഉണ്ടാകണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന വിതരണത്തിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അദ്ധ്യക്ഷത വഹിച്ചു. ലളിത വിജയൻ, സിജി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, കുഞ്ഞുമോൾ യേശുദാസ്, വിജയകുമാരി, ഡോജിൻ ജോൺ, ശശി, എൽസി ടോമി, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ സീന പി. ജി,ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ബൈജു ടി. പോൾ എന്നിവർ പങ്കെടുത്തു.