non-creamy-layer

കൊച്ചി: നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകിയെന്ന കാരണത്താൽ ഒ.ബി.സി വിഭാഗത്തിന് സംവരണം നിഷേധിക്കരുതെന്ന് ഹൈക്കോടതി.

പുതിയ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകിയെന്ന പേരിൽ ആലുവ സ്വദേശി ഡോ.വി.എസ്. സ്‌മിതയ്‌ക്ക് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഒ.ബി.സി കാറ്റഗറിയിൽ നിയമനം നിഷേധിച്ചത് റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധി ശരിവച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആറാഴ്ചയ്ക്കകം സ്‌മിതയ്‌ക്ക് ജോലി നൽകാനും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് കെ.ബാബു എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

 കേസ് ഇങ്ങനെ

2017ൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഐസർ അപേക്ഷ ക്ഷണിച്ചപ്പോൾ ഡോ. സ്‌മിത 2016ലെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് നൽകിയത്. അതിനാൽ ഷോർട്ട് ലിസ്റ്റിൽ ഒ.ബി.സി പരിഗണന നിഷേധിച്ച് സ്മിതയെ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഒ.ബി.സിയായി പരിഗണിക്കണമെന്നും ഇന്റർവ്യൂവിന് പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും സ്മിത നിവേദനം നൽകി. അപേക്ഷിക്കുമ്പോൾ ഗർഭിണിയായിരുന്നതിനാൽ യാത്ര പറ്റാത്തതിനാലാണ് പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതെന്നും വിശദീകരിച്ചു. അതു പരിഗണിച്ചില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഒരൊഴിവു മാത്രമുണ്ടായിരുന്ന ജനറൽ കാറ്റഗറിയിൽ രണ്ടാം റാങ്കാണ് സ്മിതക്ക് ലഭിച്ചത്. ഒരൊഴിവുണ്ടായിരുന്ന ഒ.ബി.സി കാറ്റഗറിയിൽ ആരെയും ഉൾപ്പെടുത്തിയിരുന്നുമില്ല. തുടർന്ന് ഒ.ബി.സി കാറ്റഗറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പുതിയ സർട്ടിഫിക്കറ്റ് സഹിതം വീണ്ടും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്മിതയുടെ ഹർജിയിൽ ഒ.ബി.സി കാറ്റഗറിയിൽ നിയമനം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു. അതിനെതിരെയാണ് ഐസർ അപ്പീൽ നൽകിയത്.

 കോടതി പറഞ്ഞത്
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വൈകിയതു കൊണ്ടുമാത്രം അവസരം നിഷേധിക്കുന്നത് ഒ.ബി.സി വിഭാഗത്തിന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെയും അവസരങ്ങളുടെയും ലംഘനമാണ്. അപേക്ഷയുടെ സമയത്തു തന്നെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉത്തരവുമുണ്ട്. സ്മിതയ്ക്ക് നിയമനം നിഷേധിച്ചത് നീതി നിഷേധമാണ്.