day-care

കൊച്ചി: ഡേ കെയറുകൾ അടഞ്ഞു കിടക്കുന്നത് അണുകുടുംബങ്ങളിലെ ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. കൊച്ചു കുട്ടികളെ വൈകിട്ടു വരെ പരി​പാലി​ച്ചി​രുന്ന ഡേ കെയറുകളും പ്ളേ സ്കൂളുകളും കൊവിഡിന്റെ ആദ്യ തരംഗമുണ്ടായതു മുതൽ അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗൺ അവസാനിച്ചാലും ഈ വർഷം അവസാനത്തോടെ മാത്രമേ ഇനി​ ഇവ തുറക്കൂ.

വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്ന കമ്പനികൾ ഈ സൗകര്യം അവസാനി​പ്പി​ച്ച് തുടങ്ങി​യതോടെയാണ് മാതാപിതാക്കൾ കുഴങ്ങിയത്. കുട്ടികളെ ഏൽപിക്കാൻ മറ്റ് സുരക്ഷിതമായ ഇടങ്ങളില്ല.

അവസരം മുതലാക്കുന്ന മറ്റ് ചിലരാകട്ടെ കുട്ടികളെ നോക്കുന്നതിന് ദിവസം ആവശ്യപ്പെടുന്നത് 300 മുതൽ 400 രൂപ വരെ. ഭക്ഷണം മാതാപിതാക്കൾ എത്തിക്കുകയും വേണം. മറ്റ് മാർഗങ്ങളില്ലാത്ത മാതാപിതാക്കൾ ഇതിന് വഴങ്ങുന്നുമുണ്ട്.

ജില്ലയിലാകെ 2,500ലേറെ ഡേ കെയറുകളുണ്ട്. പലരും പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. വാടകക്കെട്ടി​ടങ്ങൾ ഒഴി​ഞ്ഞു. ലോക്ക് ഡൗൺ​ മാറി​യാലും ഇനി​ ഇവ വീണ്ടും സജീവമാകാൻ ദീർഘനാൾ വേണ്ടി​വരും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡേ കെയറുകളും പ്ലേ സ്‌കൂളുകളും തുറക്കാൻ അനുമതി നൽകണം.

അനുജ, ബാങ്ക് ഉദ്യോഗസ്ഥ

ദിവസവും നിരവധി മാതാപിതാക്കളാണ് വിളിക്കുന്നത്. സർക്കാർ നിർദേശം ലഭിക്കാതെ ഡേ കെയറുകളും പ്ലേ സ്‌കൂളുകളും തുറക്കില്ല.

കെ.എം.മാത്യു, പി.ആർ.ഒ, സിഡ്‌നി ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷൻ