evellathinu-manjaniram

പറവൂർ: കുടിവെള്ളം കിട്ടുന്നുണ്ട്. പക്ഷേ, മഞ്ഞ നിറത്തിലാണെന്ന് മാത്രം ! പുത്തൻവേലിക്കരയിലാണ് ജനജീവിത്തെ ദുരിതത്തിലാഴ്ത്തി ഈ വിധം അശുദ്ധജലം പൈപ്പിലൂടെ എത്തുന്നത്. ഒരാഴ്ചായിട്ടും ഇത് പരിഹരിക്കാൻ അധികൃത‌ർ തയ്യാറായിട്ടില്ല. കടുത്ത ജലക്ഷാമം നേടിരുന്ന പ്രദേശത്ത് വെള്ളത്തിന് നിറവ്യത്യാസം വന്നതോടെ കുടിയ്ക്കാനോ, ഭക്ഷണം പാചകം ചെയ്യാനോ സാധിക്കുന്നില്ല. ചാലക്കുടി പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്ത് ഇളന്തിക്കരയിലെ ശുചീകരണ പ്ലാന്റിൽ എത്തിച്ചു ശുചീകരിച്ച ശേഷമാണ് പൈപ്പിലൂടെ വീടുകളിലേക്ക് എത്തിക്കുന്നത്. പുത്തൻവേലിക്കര പഞ്ചായത്ത് പ്രദേശത്ത് കൂടാതെ കുന്നുകര പഞ്ചായത്തിലെ രണ്ടു വാർ‌ഡുകളിലും പുത്തൻവേലിക്കര ജലവിതരണ പദ്ധതിയിൽ കുടിവെള്ളം നൽകുന്നത്. വാട്ടർ അതോറിറ്റിയുടെ കീഴിൽ 2008ലാണ് പദ്ധതി ആരംഭിച്ചത്. കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് ചോർച്ച മൂലം വേനൽക്കാലത്ത് വെള്ളത്തിൽ ഉപ്പിന്റെ അംഗം കൂടാറുണ്ടെങ്കിലും ഇതുവരെ നിറവ്യത്യാസം ഉണ്ടായിട്ടില്ല. മഴയ്ക്കു ശേഷമാണ് മഞ്ഞനിറത്തിൽ വെള്ളം ലഭിക്കാൻ തുടങ്ങിയത്. കുത്തിയൊലിച്ചെത്തിയ ചളിയാകാം നിറവ്യത്യാസത്തിന് കാരണമെന്നാണ് അധികൃതർ കരുതുന്നത്. ശുചീകരണത്തിലെ പാളിച്ചയാണ് നിറവ്യത്യാസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം, ശുചീകരണ പ്ലാന്റിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങലും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വെള്ളം മറ്റിടങ്ങളിൽ നിന്നും പണം കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. ചിലർ കിണറുകളുള്ള സ്ഥലങ്ങളിൽ പോയി ശേഖരിച്ച് കൊണ്ടുവരും. മറ്റ് മ‌ർഗങ്ങളൊന്നും ഇല്ലാത്തവർ ഈ വെള്ളം തന്നെ തിളപ്പിച്ചാറ്റിയാണ് ഉപയോഗിക്കുന്നത്.

ജലപരിശോധനാ ഫലം വൈകുന്നു.

ശുദ്ധജല വിതരണ പൈപ്പിലൂടെ മഞ്ഞ നിറമുള്ള വെള്ളം പമ്പ് ചെയ്യുന്നത് തുടരുമ്പോഴും ജലത്തിന്റെ പരിശോധനാ ഫലം വൈകുകയാണ്. ശുചീകരിച്ചിട്ടും വെള്ളത്തിൽ നിറവ്യത്യാസമുള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അധികൃതർ കാര്യക്ഷമമായി ഇടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.