പറവൂർ: ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നവർക്കും നാട്ടുകാർക്കും കൈനിറയെ കപ്പ നൽകി കാരുണ്യ പ്രവർത്തനത്തിലാണ് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്. കുന്നുകര പഞ്ചായത്തിലുള്ളവർക്കും സമീപ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനിലും കപ്പ വിതരണം ചെയ്തു കഴിഞ്ഞു. 800ലധികം വരുന്ന കോളേജിലെ ജീവനക്കാർക്കും കപ്പ സൗജന്യമായി നൽകുന്നുണ്ട്. ചെല്ലാനം, കൊടുങ്ങല്ലൂർ പ്രദേശത്തുള്ള വിതരണത്തിനായി സന്നദ്ധ സംഘടനകളും കപ്പ കൊണ്ടുപോയിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുമ്പ് തുടങ്ങിയ കപ്പ വിതരണം ഇപ്പോഴും തുടരുകയാണ്. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്ത് കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിയിൽ കപ്പ കൃഷി നടത്തിയത്. വിളവെടുക്കാറായ കപ്പ മെയ് ആദ്യവാരത്തോടെ മൊത്ത വിൽപനക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈസാഹചര്യത്തിൽ കപ്പ വിൽക്കേണ്ടന്നും സൗജന്യമായി നൽക്കാൻ ആശുപത്രി മാനേജുമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. കപ്പ സൗജന്യമായി ലഭിക്കുന്ന വിവരമറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിൽ ദിവസവും എത്തുന്നത്. സൗജന്യ കപ്പ വിതരണത്തിന് ഏറെ പ്രശംസകൾക്ക് ലഭിച്ചതോടെ വിളവെടുപ്പിനു ശേഷം കൂടുതൽ സ്ഥലത്ത് കപ്പ കൃഷിക്കുള്ള ഒരുക്കങ്ങൾ മാനേജുമെന്റ് ആരംഭിച്ചിട്ടുണ്ട്.