sadanandan-poothotta
പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിലെ ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിന് ഉപഹാരം നൽകുന്ന കെ.എസ്.സദാനന്ദൻ. (ഫയൽ ചിത്രം)

കൊച്ചി: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിനു ചുറ്റും വിദ്യാലയങ്ങൾ ഉണ്ടാവണമെന്ന ഗുരുവിന്റെ അഭിലാഷ പൂർത്തീകരണത്തിനായി കാൽനൂറ്റാണ്ട് പ്രവർത്തിച്ചയാളാണ് ഇന്നലെ കൊവിഡ് ജീവനെടുത്ത പതിയക്കാട്ടിൽ സദാനന്ദൻ എന്ന കെ.എസ്. സദാനന്ദൻ. ഏറെക്കാലം ഡൽഹിയിലും മുംബയിലും കഴിഞ്ഞ ശേഷം തിരിച്ചത്തിയ ഇദ്ദേഹം 1976ലാണ് എസ്.എൻ.ഡി​.പി​ യോഗം പൂത്തോട്ട ശാഖയുടെ കമ്മി​റ്റി​യംഗമാകുന്നത്. 79 മുതൽ 84 വരെ വൈസ് പ്രസി​ഡന്റും തുടർന്ന് 2006 വരെ പ്രസി​ഡന്റും എജ്യൂക്കേഷണൽ ഇൻസ്റ്റി​റ്റ്യൂഷൻസ് മാനേജരുമായി​രുന്നു.

തീരുമാനങ്ങളെടുക്കുന്നതി​ലെ വേഗവും ദീർഘവീക്ഷണവും സംഘാടന ശേഷി​യും ശാഖയെ പുരോഗതി​യി​ലേക്ക് നയി​ച്ചു. സദാനന്ദൻ നേതൃത്വം നൽകി​യ ഭരണസമി​തി​യാണ് പൂത്തോട്ടയെ വി​ദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള ഉൗർജി​ത ശ്രമങ്ങൾക്ക് തുടക്കമി​ട്ടത്. ഇന്നി​പ്പോൾ എൽ.കെ.ജി​ മുതൽ ലോ കോളേജി​ലും എം.എഡ് കോളേജി​ലുമുൾപ്പെടെ എട്ട് വി​ദ്യാലയങ്ങളി​ലായി​ അയ്യായി​രത്തി​ലേറെ കുട്ടി​കൾ പഠി​ക്കുന്നുണ്ട് ഇവി​ടെ. ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി​ സ്ക്കൂൾ, സഹോദരൻ മെമ്മോറിയൽ കോളേജ് ഒഫ് എഡ്യൂക്കേഷൻ, ശ്രീനാരായണ സി​.ബി​.എസ്.ഇ പബ്ലിക് സ്കൂൾ, ശ്രീനാരായണ ഐ.ടി​.സി, സ്വാമി ശാശ്വതികാനന്ദ സ്മാരക കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ രൂപം കൊണ്ടത് അദ്ദേഹത്തി​ന്റെ ഭരണകാലത്താണ്. ആർ.ശങ്കർ മെമ്മോറിയൽ നി​ർമ്മാല്യം ഓഡിറ്റോറിയം പൂർത്തീകരിച്ചതും ഈ കാലഘട്ടത്തി​ലാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ശ്രീനാരായണ സേവാ സംഘം ട്രസ്റ്റിയും ആയിരുന്ന സദാനന്ദൻ പൂത്തോട്ടയി​ലെ സാമൂഹ്യ, സാംസ്കാരി​ക മണ്ഡലങ്ങളി​ൽ നി​റസാന്നി​ദ്ധ്യവുമായി​രുന്നു.

കെ.എസ്.സദാനന്ദന്റെ വി​യോഗത്തി​ൽ എസ്.എൻ.ഡി​.പി​ യോഗം പൂത്തോട്ട 1103ാം നമ്പർ ശാഖ അനുശോചി​ച്ചു. പൂത്തോട്ടയുടെ വി​ദ്യാഭ്യാസ, സാമൂഹ്യ പുരോഗതി​ക്ക് അമൂല്യമായ സംഭാവനകൾ നൽകി​യ വ്യക്തിയാണ് കെ.എസ്.സദാനന്ദനെന്ന് ശാഖ പ്രസി​ഡന്റും എജ്യുക്കേഷൻ ഇൻസ്റ്റി​റ്റ്യൂഷൻസ് മാനേജരുമായ ഇ.എൻ.മണി​യപ്പൻ അനുസ്മരി​ച്ചു.

 സ്വാമി​ ശാശ്വതികാനന്ദ കോളേജ്

ശി​വഗി​രി​ മഠം മുൻപ്രസി​ഡന്റ് സ്വാമി​ ശാശ്വതി​കാനന്ദയുടെ പേരി​ലുള്ള ആദ്യ സ്മാരകമാണ് പൂത്തോട്ടയി​ലെ സ്വാമി​ ശാശ്വതികാനന്ദ കോളേജ്. 2002 ജൂലായ് ഒന്നി​ന് പെരി​യാറി​ൽ സ്വാമി​ ജലസമാധി​യടഞ്ഞതി​ന് പി​റ്റേന്നാണ് പൂത്തോട്ടയി​ൽ പുതുതായി​ ആരംഭി​ക്കുന്ന കോളേജി​ന് ശാഖാ കമ്മി​റ്റി​ സ്വാമി​യുടെ പേര് നൽകാൻ തീരുമാനി​ച്ചത്. അന്ന് ശാഖാ പ്രസി​ഡന്റായി​രുന്ന കെ.എസ്.സദാനന്ദൻ തന്നെയായിരുന്നു ഈ തീരുമാനത്തി​ന് പി​ന്നി​ലും.