കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി. മുൻകൈയെടുത്ത് നടപ്പിലാക്കുന്ന തണൽ ഭവനപദ്ധതി ഉദാത്ത മാതൃകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനപ്രതിനിധികൾ ഇത്തരത്തിലുള്ള ഇടപെടലുകളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പറവൂർ നിയമസഭ നിയോജക മണ്ഡലത്തിലെ വാരാപ്പുഴയിൽ തണൽ ഭവന പദ്ധതിയിലെ രണ്ട് വീടുകൾക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
2018ലെ പ്രളയാനന്തരം അന്ന് എറണാകുളം എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിൽ ആവിഷ്കരിച്ച ഭവന പദ്ധതിയാണ് തണൽ. പിന്നീട് അദ്ദേഹം എം.പി. ആയപ്പോൾ തലണലിന്റെ വ്യാപ്തി എറണാകുളം പാർലമെന്റ് മണ്ഡലം മുഴുവനായി വ്യാപിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 72 ാമത്തെതും 73ാമത്തേതും വീടുകൾക്കാണ് ഇന്നലെ തറക്കല്ലിട്ടത്. ലയൺസ് ക്ലബ്ബ്സ് ഡിസ്ട്രിക്ട് 318 -സി ആണ് വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്. അടുത്തിടെ കടൽക്ഷോഭം നേരിട്ട ചെല്ലാനത്ത് തണൽ ഭവന പദ്ധതിയുടെ ഭാഗമായി ഏഴ് വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.
തറക്കല്ലിടൽ ചടങ്ങിൽ എം.പി.യെ കൂടാതെ ലയൺസ് ക്ലബ് പ്രതിനിധി രാജേഷ് കോളരിക്കൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.പി. പോളി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, ബ്‌ളോക്ക് മെമ്പർമാരായ ആൻസൺ മാത്യു, റാണി മാത്യു, പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ പുനത്തിൽ, അമ്പിളി ദേവി, ബെർലിൻ പാവനത്തറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ചിയേടത്ത്, ബൂത്ത് പ്രസിഡന്റ് ബിജു ഡാനിയേൽ തുടങ്ങിയവരും പങ്കെടുത്തു.