sanoop
സനൂപ്

ആലുവ: എം.ഡി.എം.എ എന്ന വീര്യമേറിയ മയക്കുമരുന്നുമായി മട്ടാഞ്ചേരി പുതിയ റോഡ് വാട്ടർ അതോറിട്ടി ടാങ്കിന് സമീപം കൊടികുത്തുപറമ്പ് വീട്ടിൽ താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി കളപ്പുരക്കൽ കിഴക്കേതിൽ വീട്ടിൽ സനൂപ് (24), ഭാര്യ റിസ്വാന (രാഖി - 21) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ബാഗ്ലൂർ - കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസിൽ ദമ്പതികൾ ലഹരിമരുന്നുമായി യാത്ര ചെയ്യുന്നുണ്ടെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്. മഫ്ടിയിൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം പ്രതികൾ ട്രെയിൻ ഇറങ്ങിയ ഉടൻ കൈയ്യോടെ പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്‌ഐമാരായ ആർ. വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ കെ.എ ഷിഹാബ്, ഷൈജാ ജോർജ്ജ് എന്നിവരുമുണ്ടായിരുന്നു. കൊച്ചിയിൽ പ്രതികളുടെ ഇടപാടുകാരെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു.

22 ഗ്രാം = ഒരു ലക്ഷം

ഒരു ലക്ഷത്തോളം രൂപ വില വരുന്ന 22 ഗ്രാം എം.ഡി.എം.എയാണ് ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്താനാണ് ബംഗളൂരുവിൽ നിന്ന് ഇവർ മയക്കുമരുന്നു കൊണ്ടുവന്നത്. സനൂപ് വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. ആലപ്പുഴയിലെ നിർധന കുടുംബാംഗമായ റിസ്വാന നേരത്തെ ഇടപ്പള്ളിയിലെ മാളിൽ ജോലിക്കാരിയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രണയിച്ചാണ് വിവാഹിതരായത്.