sivdev
ശിശു ക്ഷേമ സമിതി അംഗങ്ങൾ ശിവദേവിന്റെ വീട്ടിലെത്തിയപ്പോൾ

കോലഞ്ചേരി: കോലഞ്ചേരി ഗവ.എൽ.പി സ്കൂളിലെ നാലാം ക്ളാസ് പഠനം പൂർത്തിയായ ശിവദേവിന് തണലായി ശിശു ക്ഷേമ സമിതി. സ്കൂൾ തുറന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ശിവദേവിന്റെ ടി.സി വാങ്ങാൻ ആരും വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കൾ കോടതി വഴി വേർപിരിഞ്ഞതും കുട്ടി അമ്മയുടെ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണയിലാണ് എന്നറിയുന്നതും. ശിവദേവിന്റെ സഹോദരൻ ആദിത്തും ഇവരോടൊപ്പമുണ്ട്. സ്കൂളിലെത്തി ടി.സി വാങ്ങാനുള്ള ആരോഗ്യ സ്ഥിതി ഇവർക്കില്ലാത്തതിനെ തുടർന്നാണ് വാങ്ങാതിരുന്നത്. കടുത്ത ഹൃദ്രോഗബാധിതരായ ഇവർ വാടക വീട്ടിലാണ് താമസം.പരസ്പര സമ്മതപ്രകാരം കോടതി വഴി പിരിഞ്ഞ അച്ചനും അമ്മയും പുനർവിവാഹിതരായി.കുട്ടിയുടെ പൂർണ സംരക്ഷണം അച്ചൻ ഏറ്റെടുക്കാനായിരുന്നു കോടതി നിർദ്ദേശമെങ്കിലും സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള പിതാവ് കുട്ടികളെ തിരിഞ്ഞു നോക്കുന്നില്ല.

ഇരുവരും പിരിഞ്ഞശേഷം പിതാവ് മനോജിനൊപ്പം പുത്തൻകുരിശിലെ വീട്ടിലായിരുന്ന കുട്ടികൾ പിതാവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മൂത്തമകൻ ആദിത്ത് രാത്രി വീട്ടിൽ നിന്നുമിറങ്ങി പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയതോടെ ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇത്രയുമായതോടെ രണ്ടു കുട്ടികളേയും മനോജ് ആദ്യഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം മുങ്ങി. ഇതോടെയാണ് മാതാപിതാക്കൾ സംരക്ഷണം ഏറ്റെടുത്തത്. സ്കൂൾ പി.ടി.എ, ശിശു ക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ ജില്ലാ ശിശു ക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ് അരുൺകുമാർ, സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, എക്സിക്യുട്ടീവ് അംഗങ്ങളായ എൻ.കെ. പ്രദീപ്, രശ്മി ആസാദ് എന്നിവർ കോലഞ്ചേരിയിലെ വീട്ടിലെത്തി കുട്ടികളുടെ പൂർണസംരക്ഷണം ഉറപ്പാക്കി. ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. കുട്ടികളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ പിതാവിനെതിരെ നടപടിയെടുക്കാനാണ് ശിശു ക്ഷേമസമിതിയുടെ തീരുമാനം.