കൊച്ചി: കൊവിഡ് പ്രതിരോധ വാക്സിനേഷൻ പരാതി പ്രളയത്തിൽ മുങ്ങുന്നു. 45 വയസിനു മുകളിലുള്ളവർക്ക് ബുക്ക് ചെയ്യാനാവില്ലെന്നാണ് പ്രധാന പരാതി.
വാക്സിനേഷൻ ഹെൽപ്‌ലൈൻ നമ്പർ അല്ലാതെ പരാതി പരിഹാരത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നതും വിചിത്രം. പരാതികളോ സംശയങ്ങളോ ആരോട് പറയണമെന്നറിയാതെ കുഴങ്ങുകയാണ് ജനങ്ങൾ.ആരോഗ്യ വകുപ്പ് അധികൃതരെയോ ആശാ വർക്കർമാരെയോ ജനപ്രതിനിധികളെയോ വിളിച്ചാൽ അവർ കൈമലർത്തുകയാണ് പതിവ്.
പരാതികളുടെ പെരുമഴ
സൈറ്റ് ഓപ്പണാകുന്നത് നിർദിഷ്ട സമയത്തേക്കാൾ 30-40 മിനിറ്റ് വൈകി
ബുക്ക് ചെയ്യാനുള്ള സ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ സാങ്കേതിക തടസം
ബുക്ക് ചെയ്താൽ തന്നെ പലപ്പോഴും സന്ദേശം ലഭിക്കുന്നില്ല
ലഭിക്കുന്നത് ദൂരെ സ്ഥലങ്ങളിലെ സെന്ററുകൾ
ഹെൽപ് ലൈൻ നമ്പർ തഥൈവ. ആകെയുള്ളത് 9072303861 മാത്രം. അതാകട്ടെ പലപ്പോഴും ബിസി, അല്ലെങ്കിൽ ഔട്ട് ഒഫ് കവറേജ് ഏരിയ, അതുമല്ലെങ്കിൽ ബെല്ലടിച്ച് തീരും
കൊവാക്‌സിൻ രണ്ടാം ഡോസ് കിട്ടാക്കനി
കൊവാക്‌സിൻ രണ്ടാം ഡോസിനായുള്ള കാത്തിരിപ്പും നീളുകയാണ്. ആദ്യ ഡോസുകാർക്ക് കൊവാക്‌സിൻ ലഭിക്കുന്നുണ്ട്. 28 ദിവസത്തിനകം രണ്ടാം ഡോസ് എടുക്കണമെന്നാണ് നിർദേശം. വാക്‌സിൻ ഇല്ലാത്തതിനാൽ ബുക്കിംഗ് സാധിക്കുന്നില്ല.
പരാതി പരിഹാരത്തിന് കൂടുതൽ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കും. പരാതികൾ പൂർണമായി പരിഹരിച്ച് വാക്സിൻ വിതരണം സുഗമമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പൂർണസഹകരണം കൂടിയേ തീരൂ.
ഡോ. എം.ജി.ശിവദാസ്, വാക്സിനേഷൻ നോഡൽ ഓഫീസർ, എറണാകുളം