ravi-pujari

 ലീന മരിയ പോളിന് നോട്ടീസ്

കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കൊടുംകുറ്റവാളി രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കാക്കനാട് ആകാശവാണി നിലയത്തിൽ പൂജാരിയെ എത്തിച്ചാണ് ശബ്ദസാമ്പിളെടുത്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥർക്ക് പുറമെ ഈ രംഗത്തെ വിദഗ്ദ്ധരുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. മൂന്ന് മണിക്കൂറോളം സംഘം ഇവിടെ ചെലവഴിച്ചു. സാമ്പിൾ നാളെ വിചാരണക്കോടതിയിൽ ഹാജാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറും.

രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുള്ള ചോദ്യംചെയ്യൽ പൂർത്തിയാക്കിയാണ് പൂജാരിയുമായി സംഘം നെടുമ്പാശേരിയിൽ നിന്ന് കാക്കനാട്ടേക്ക് പുറപ്പെട്ടത്. അതീവ സുരക്ഷയോടെ രഹസ്യമായാണ് ആകാശവാണിയിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി എ.ടി.എസ് ആസ്ഥാനത്തേക്ക് മടങ്ങി. ഇതിന് ശേഷവും ചോദ്യംചെയ്യൽ തുടർന്നു.

പൂജാരിയുടെ ശബ്ദ സാമ്പിൾ ബംഗളൂരുവിൽ നിന്നടക്കം ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. ഇതുമായി ഒത്തുനോക്കുകയാണ് ചെയ്യുന്നത്. പരിശോധനാഫലം വേഗത്തിൽ ലഭിക്കാനുള്ള നടപടികൾ സജ്ജമാക്കിയിട്ടുണ്ട്.

കാസർകോട്ടെ ഗുണ്ടാസംഘം വഴിയാണ് രവി പൂജാരി പദ്ധതി നടപ്പാക്കിയത്. ക്വട്ടേഷൻ ഏറ്റെടുത്ത കാസർകോട് സംഘം ഇത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവിന് കൈമാറി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.

കാസർകോട് സ്വദേശി ജിയ (സിയ), മൈസൂർ സ്വദേശി ഗുലാം എന്നിവർക്ക് ഇടപാടിൽ പങ്കുണ്ടെന്ന് രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ട്. കോടികളുടെ ഹവാല പണം കൈക്കലാക്കിയ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി വൻതുക തട്ടാൻ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും പൂജാരി സമ്മതിച്ചിട്ടുണ്ട്. വാട്‌സ്ആപ് കാൾ വഴി ആയിരുന്നു വിളികളെന്നാണ് മൊഴി. ജിയ ഒളിവിലാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. രണ്ട് ഗുണ്ടകൾ കേരളത്തിൽ കൊല്ലപ്പെട്ടതിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

ജൂൺ എട്ട് വരെയാണ് ഇയാളെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.

ലീന മരിയാ പോളിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതായും സൂചനയുണ്ട്.