വൈപ്പിൻ : എന്റെ മരം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ പരിസ്ഥിതി പ്രവർത്തകന് കൈമാറി വിദ്യാർത്ഥികൾ. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് മുളപ്പിച്ചെടുത്ത വൃക്ഷത്തൈകൾ പരിസ്ഥിതി പ്രവർത്തകനായ ഐ.ബി. മനോജിന് നൽകിയത്.ഫലവൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിക്കുന്ന സീഡ് ബാങ്ക് എന്ന പദ്ധതി സ്‌ക്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. സാധാരണയായി ഇത്തരത്തിൽ സമാഹരിക്കുന്ന വിത്തുകൾ ഉടമസ്ഥരിൽ നിന്നും അനുവാദം വാങ്ങി മഴക്കാലത്തിന് തൊട്ടുമുമ്പ് ഒഴിഞ്ഞ പറമ്പുകളിൽ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നു. തൈകൾ വീടുകളിൽ നിന്നും ശേഖരിച്ച് എസ്.പി.സിയിലെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഐ.ബി മനോജിന് കൈമാറി. എസ് .പി.സി. പി.ടി.എ. കോർ ടീം അംഗങ്ങളായ ഷൈജി രാജേഷ്, എ.ബി ദുർഗ, എൻ.കെ.സന്തോഷ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ കെ.എൻ. പ്രണവ് ,ദേവിന വി.ലാൽ, എൻ.എസ്. ആര്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.