കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജില്ലയിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
എറണാകുളം സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഫലവൃക്ഷത്തൈകൾ നട്ടു. ജോർജ് ജോസഫ് ഹുസൂർ ശിരസ്തദാർ, ജില്ലാ കോർഡിനേറ്റർ, ഹരിതകേരളം സുജിത്ത് കരുൺ, ജില്ലാ കോർഡിനേറ്റർ ശുചിത്വ മിഷൻ പി.എച്ച്. ഷൈൻ, അസിസ്റ്റന്റ് കോഡിനേറ്റർ ശുചിത്വ മിഷൻ സിയ കെ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം സുഭാഷ് പാർക്കിൽ വൃക്ഷതൈകൾ നട്ടു. നടൻ ഹരിശ്രീ അശോകൻ തൈ നട്ട് നഗരതല പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരംസമിതി അധ്യക്ഷൻമാർ, കൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.
എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സൗത്ത് റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ വൃക്ഷത്തൈകൾ സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർക്കു നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഏരിയ മാനേജർ നിതിൻ നോർബെർട്ടിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ .തോമസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ.ബിജു വടക്കേൽ എന്നിവർ പ്രസംഗിച്ചു.
എറണാകുളം ശിവക്ഷേത്രത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, വൈസ് പ്രസിഡന്റ് ഐ. എൻ. രഘു തുടങ്ങിയവർ പങ്കെടുത്തു.