കോലഞ്ചേരി: കൊവിഡ് ബാധിതരുടെ വീട്ടിലെ കറന്റ് പോയാൽ കെ.എസ്.ഇ.ബി ജീവനക്കാർ പി.പി.ഇ കിറ്റിട്ട് വരും. കൊവിഡ് നാടാകെ പടരുമ്പോൾ ഇതിൽ കുഴങ്ങുന്ന ഒരു വിഭാഗമാണ് കെ.എസ്.ഇ.ബി ജീവനക്കാർ. കറന്റ് പോയതായി ഓഫീസിൽ വിളിക്കുമ്പോൾ കൊവിഡ് ബാധിതരുടെ വീടാണെന്ന് മറച്ചു വച്ചാണ് പലരും വിളിക്കാറുള്ളത്. ഇത് പലപ്പോഴും ജീവനക്കാരെ കുരുക്കിലാക്കാറുണ്ട്. എന്നാൽ കൃത്യമായി അസുഖ ബാധിതരായ വീട്ടിലെ കറന്റ് സംബന്ധിച്ച പരാതിയാണെന്നറിയിച്ചാൽ മുൻകരുതലുമായി വന്ന് തകരാർ പരിഹരിക്കാൻ ജീവനക്കാർ സർവ സജ്ജരാണ്. കഴിഞ്ഞ ദിവസം കുമ്മനോട് എമ്പാശേരി കവലയിലെ വീട്ടിൽ കറന്റില്ലെന്നറിയിച്ചതിനെ തുർടന്ന് ജീവനക്കാർ എത്തിയപ്പോഴാണ് വീട്ടിലെ മുഴുവൻ പേർക്കും കൊവിഡാണെന്നറിയുന്നത്. വന്നവർ വൈദ്യുത ലൈനിലും മീറ്ററിലും പരിശോധിച്ചെങ്കിലും തകരാർ വീടിനകത്തെ മെയിൻ സ്വിച്ചിലായിരുന്നു. വിവരം വീട്ടുകാരെ ധരിപ്പിച്ച് ഇലക്ട്രീഷ്യന്മാരുടെ സഹായം തേടാൻ പറഞ്ഞ് മടങ്ങി. എന്നാൽ വീട്ടുകാർ ബന്ധപ്പെട്ട ഇലക്ട്രീഷ്യന്മാർ എത്താൻ വിസമ്മതിച്ചതോടെ കെ.എസ്.ഇ.ബി പട്ടിമറ്റം സെക്ഷനിലെ ജീവനക്കാർ ദൗത്യമേറ്റെടുക്കാെൻ തീരുമാനിച്ചു. ഇതനുസരിച്ച് വീട്ടിലെത്തിയ സബ് എൻജിനീയർ അജയ് കുമാർ പി.പി.ഇ കിറ്റ് ധരിച്ച് വീടിനകത്ത് കയറി അറ്റകുറ്റ പണികൾ പൂർത്തിയാക്കുകയായിരുന്നു. ലൈൻമാൻമാരായ എം.കെ.അനിമോൻ, വിനോദ് സോമൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു. ഇതിനോടകം 40 ലധികം കൊവിഡ് ബാധിതരുടെ വീട്ടിലെ അറ്റകുറ്റ പണികൾ സെക്ഷനു കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധയറിയാതെ ഒരു വീട്ടിൽ റിപ്പയറിംഗിനെത്തിയ ജീവനക്കാരൻ രോഗബാധിതനാവുകയും ചെയ്തു. ഓഫീസിൽ വിളിക്കുമ്പോൾ കൃത്യമായി വിവരം നൽകിയാൽ സ്വയം സുരക്ഷിതരായി എത്താൻ ജീവനക്കാർക്ക് കഴിയും. രോഗ ബാധയുണ്ടായാൽ മറച്ചു വക്കരുതെന്നും വിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നും ജീവനക്കാർ ഉറപ്പു നൽകുന്നു.