കൊച്ചി: അമ്പലമുകൾ റിഫൈനറിക്ക് സമീപം പ്രവർത്തനമാരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ലയൺസ് ഇന്റർനാഷണൽ 318 സി ഡിസ്ട്രിക്ട് 250 കിടക്കകൾ കൈമാറി.
ചടങ്ങിൽ ജില്ലാ കലക്ടർ എസ്. സുഹാസ്, കുന്നത്തുനാട് തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം, വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അതാവുദ്ദീൻ, കാബിനറ്റ് ട്രഷറർ ഷൈൻകുമാർ, ഡിസ്ട്രിക്ട് കൺവീനർ നജീബ് എന്നിവർ പങ്കെടുത്തു.
മഴക്കാലത്തെ മറ്റു രോഗങ്ങളുടെ വർദ്ധനവ് പ്രതീക്ഷിച്ച് ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊവിഡ് രോഗികൾക്കായി ബി.പി.സി.എല്ലുമായി ചേർന്ന് ചികിത്സാസൗകര്യം ഒരുക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ഓക്‌സിജൻ നൽകുന്നതുൾപ്പെടെ ചികിത്സകൾ അമ്പലമുകളിൽ ലഭ്യമാക്കി. ആയിരം പേർക്കാണ് ഒരേസമയം ചികിത്സ ലഭ്യമാക്കാനാവുക. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് താലൂക്ക് ആശുപത്രികളിൽ ഐ.സി.യു സ്‌പെഷ്യൽ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക ചികിത്സാ കേന്ദ്രമായി അമ്പലമുകൾ മാറ്റുമെന്ന് കലക്ടർ അറിയിച്ചു.