സംസ്ഥാനത്തെ ദേശീയപാതകളിലും എം.സി റോഡിലും 50 കിലോമീറ്റർ പരിധിയിൽ പുതിയ വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. വൈദ്യുത വാഹനങ്ങൾക്ക് പ്രചാരമേറിവരുന്ന സാഹചര്യത്തിലും ഇതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയണ്
അനേർട്ടും (ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്ന് നൂതന പദ്ധതി നടപ്പാക്കുന്നത്. കഴിവതും സർക്കാർ സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക. ഇല്ലാത്തയിടങ്ങളിൽ സ്വകാര്യ ഹോട്ടലുകളിലും മാളുകളിലും സൗകര്യപ്രദമായ മറ്റിടങ്ങളും പരിഗണിക്കും.
20 ലക്ഷം ചെലവ്
20 ലക്ഷം രൂപയാണ് ഒരു ചാർജിംഗ് സ്റ്റേഷന് ആകെ വേണ്ടിവരിക.
5 കിലോ വാട്ടിന്റെ സോളാർ പവർ പ്ലാന്റാണ് വേണ്ടത്.ഒപ്പം 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), 15 കിലോ വാട്ടിന്റെ ജി.ബി.ടി കണക്ടർ മെഷീനും വേണം. ഇവയ്ക്ക് 10 ലക്ഷം രൂപ ചിലവ് വരും. സോളാർ സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം രൂപയും മറ്റുചിലവുകൾക്ക് ഏഴര ലക്ഷം രൂപയുമാകും. ഒരു സ്റ്റേഷനിൽ 50 കിലോ വാട്ടുവരെ സോളാർ സ്ഥാപിക്കാം. ഇതിന് ഒരോ കിലോ വാട്ടിനും 50,000 രൂപാ വീതം നൽകണം. അനർട്ട് സബ്സിഡിയുമുണ്ടാകും.
സ്ളോ ചാർജിംഗ്
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവയുടെ സമീപത്ത് സ്ഥലം ഉള്ളവർക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിടുന്നവർക്കായി സ്ലോ ചാർജർ സ്ഥാപിക്കാം. ഇതിന് 50,000 രൂപ ചിലവാകും.
യൂണിറ്റിന് 10 മുതൽ 20 രൂപവരെയാണ് നിരക്ക്. ഇതിൽ ഓരോ യൂണിറ്റിനും 5 രൂപ വീതം കെ.എസ്.ഇ.ബിക്ക് നൽകണം. ഒരുവാഹനം മുഴുവനായി ചാർജ് ചെയ്യുന്നതിന് 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.
രണ്ടാംഘട്ടത്തിൽ താലൂക്കുകൾ തോറും ഓരോ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉദ്ദേശമുണ്ട്. താൽപര്യമുള്ളവർക്ക് അനർട്ട് ജില്ലാ ഓഫീസിനെ സമീപിക്കാം. വെബ്സൈറ്റിലും സൗകര്യമുണ്ട്.