മൂവാറ്റുപുഴ: ഭൂമി പ്ലോട്ടുകളായ് തിരിച്ച് വില്പന വ്യാപകമായതോടെ അവശേഷിക്കുന്ന മുളങ്കാടുകൾ വംശ നാശ ഭീഷണിയിലായതായി മഹാകവി ജി. ശങ്കര കുറുപ്പ് അനുസ്മരണ സമിതി ചെയർമാൻ ടി.എം.ഹാരിസ് പറഞ്ഞു. മൂവാറ്റുപുഴ നഗര പ്രാന്തത്തിൽ അവശേഷിക്കുന്ന ഭീമൻ മുളങ്കുട്ടത്തിന് പൊന്നാടയണിയിച്ച സമിതി പ്രവർത്തകർ മുളങ്കാടുകൾ സംരക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടിൻപുറങ്ങളിലെ കുന്നിൻ ചെരുവുകൾ വില കുറച്ച് വാങ്ങി പ്ലോട്ടു തിരിച്ച് ഭൂമി കച്ചവടം വ്യാപകമായതോടെയാണ് മുളങ്കാടുകൾ അകാല നാശത്തിന് ഇരയായത്. മുളങ്കാടുകൾ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച പൊന്നാട ചാർത്തൽ ചടങ്ങിൽ സമിതി ഭാരവാഹികളായ കെ.ബി.ബിനീഷ് കുമാർ, കെ.കെ ഗിരീഷ്, കെ.ടി.ഷൈമോൻ എന്നിവരും പങ്കെടുത്തു.