പറവൂർ: ഗോതുരുത്ത് ദ്വീപിൽ ഇനിമുതൽ പെയ്യുന്ന മഴയുടെ തോത് അളന്നെടുക്കാൻ മഴമാപിനി സ്ഥാപിച്ചു. ഗോതുരുത്ത് ഹോളിക്രോസ് എൽ.പി സ്കൂളിൽ ഗോതുരുത്ത് സി.എ.സി ക്ളബും പുത്തൻവേലിക്കേര റിസോഴ്സ് സെന്ററും ചേർന്നാണ് സ്ഥാപിച്ചത്. പെരിയാർ, ചാലക്കുടിയാർ എന്നീ നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ നിരീക്ഷണ പ്രവർത്തനങ്ങളിലും ക്ളബിന് പങ്കാളിയാവാനാകും. എച്ച്.ഡി.എഫി.സി ബാങ്ക് എം.എസ്.എസ്.ആർ.എഫ് പരിവർത്തൻ പദ്ധതിയുടെ ഭാഗമായാണ് മഴമാപിനി സ്ഥാപിച്ചത്. കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. സി.ജി. മധുസൂദനാണ് സാങ്കേതിക ഉപദേശം നൽകുന്നത്. പുത്തൻവേലിക്കര കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്കം, ഭൂഗർഭ ജലനിരപ്പ്, വേലിയേറ്റം, വെള്ളക്കെട്ട് എന്നിവയുടെ നിരീക്ഷണ പ്രവർത്തനങ്ങളിലും പങ്കെടുക്കുവാൻ ശ്രമിക്കുമെന്നും എസ്.എ.സി ക്ലബ് ഭാരവാഹികൾ പറഞ്ഞു. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിബിൻ ജോർജ്, ഫാ. ഷിജു കല്ലറക്കൽ, ഷിപ്പി സെബാസ്റ്റ്യൻ, പുത്തൻവേലിക്കര റിസോഴ്സ് സെന്റർ കോ ഓർഡിനേറ്റർമാരായ എം.പി. ഷാജൻ, പി.എൻ. മായ, ക്ലബ് വൈസ് പ്രസിഡന്റ് ബെന്നി നൊച്ചിപറമ്പിൽ, സെക്രട്ടറി നിവിൻ മിൽട്ടൻ, കെ.എസ്. സരിൻ, സെബിൻ ഫ്രാൻസിസ്, ഷൈഫി, ടി.ആർ. ഗിൽസ് തുടങ്ങിയവർ പങ്കെടുത്തു.