അങ്കമാലി: ഇടമലയാർ കനാലിലൂടെ ഒഴുകിയെത്തിയ കേഴമാൻ ഗെയ്റ്റിന്റെ അഴികൾക്കിടയിൽ കുടുങ്ങി ചത്തു. തുറവൂർ ഗവ.ആശുപത്രിക്ക് പിന്നിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഗെയ്റ്റിന്റെ അഴികൾക്കിടയിലാണ് മാനിനെ ചത്തനിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി കനാലിൽ നിന്ന് കരയ്ക്കെത്തിയ മാൻ പട്ടികൾ ഓടിച്ചതിനെ തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗെയ്റ്റിൽ കുടുങ്ങിയതാണെന്ന് കരുതുന്നു.
ഇടമലയാർ കനാലിലൂടെ മാനും മ്ലാവും മറ്റു മൃഗങ്ങളും ഒഴുകിയെത്തുന്നത് പതിവാണ്. ചത്ത മാനിന് മൂന്ന് വയസ് പ്രായം കണക്കാക്കുന്നു. കാലടി ഫോറസ്റ്റ് റേഞ്ചിലെ കാരക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പ്രദേശത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഡെപ്യൂട്ടി റേഞ്ചർ പി.കെ സൈനുദിൻ നേതൃത്വം നൽകി.