drugs
കഴിഞ്ഞ ദിവസം അങ്കമാലി കറുകുറ്റിയിൽ പിടികൂടിയ മയക്കുമരുന്ന്.

അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികളായ തളിപ്പറമ്പ് മന്ന സി.കെ ഹൗസിൽ ആബിദ്, ചേർത്തല വാരനാട് വടക്കേവിള ശിവപ്രസാദ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ചെന്നൈയിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് പ്രത്യേകം പായ്ക്ക് ചെയ്ത് പിക്ക് അപ്പ് വാനിൽ തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇതിന് രാജ്യാന്തര മാർക്കറ്റിൽ കോടികൾ വിലവരും. ആബിദ് നേരത്തെ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പ്രതികളെ മുനമ്പം കുഴുപ്പിള്ളിയിലെ വാടകവീട്ടിലെത്തിച്ച് പരിശോധന നടത്തി. മയക്കുമരുന്ന് പിടികൂടുന്നതിൽ നിർണായക പങ്കു വഹിച്ച ഡാൻസാഫ് ടീം അംഗങ്ങളായ കെ.വി.നിസാർ, പി.എം ഷാജി, ടി. ശ്യാംകുമാർ, ജാബിർ, രഞ്ജിത്, മനോജ് കുമാർ, അങ്കമാലി സ്റ്റേഷനിലെ എം.സുബിൻ, എം.പി മാത്യു, റോണി ആഗസ്റ്റിൻ തുടങ്ങിയവരെ എസ്.പി അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 200 കിലോയോളം കഞ്ചാവും മറ്റു ലഹരി വസ്തുക്കളും റൂറൽ പൊലീസ് പിടികൂടിയിരുന്നു.