1

പള്ളുരുത്തി: ആൽഡ്രിയ, അൽനിഫ, അൽനിത. പഠനത്തിൽ മിടുക്കികൾ. ചെല്ലാനം കണ്ടക്കടവ് പുന്നക്കൽ വീട്ടിലെ വിനു പീറ്ററിന്റെ ഈ മൂന്ന് മക്കൾളുടെ ഉള്ളിൽ സങ്കടത്തിരമാല ആഞ്ഞടിക്കുകയാണ്. ആർത്തുലച്ചെത്തിയ കടൽ വീടിനെ ആകെ പുണർന്നപ്പോൾ പിതാവിന്റെ ഫോണടക്കം അതിൽപ്പെട്ടുപോയി. ഇതോടെ ഓൺലൈൻ പഠനം എന്നന്നേക്കുമായി അടഞ്ഞു. ഇതാണ് മിടുക്കികളുടെ മുഖത്ത് കണ്ണീർ പാടുകൾ വീഴാൻ കാരണം.

കഴിഞ്ഞ ദിവസത്തെ കടൽകയറ്റത്തിൽ വീടിന്റെ ജനൽ വരെ വെള്ളം കയറി. ഈ വേലിയേറ്റത്തിലാണ് ഫോണും വീട്ടിലെ ഗൃഹോപകരണങ്ങളടക്കം നശിച്ചത്. കൂലിപ്പണിക്കാരനാണ് വിനു പീറ്റർ . കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് മാസമായി ജോലിയില്ല. പട്ടിണിയുടെ വക്കിലാണ് കുടുംബം. കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവർത്തകനായ സി.എസ്.ജോസഫ് നാലാം ക്ളാസ് വിദ്യാർത്ഥിനിയായ അൽനിതക്ക് പുസ്തകം നൽകാൻ എത്തിയപ്പോഴാണ് ഈ ദയനീയ അവസ്ഥ അറിയുന്നത്. ആൻഡ്രിയ പത്താം ക്ളാസിലും ആൽഫിന ഒൻപതാം ക്ളാസിലും പുത്തൻതോട് ഹയർ സെക്കൻഡറി സ്ക്കൂളിലാണ് പഠിക്കുന്നത്.

പ്രായമായ പിതാവും ഭാര്യ മേരിക്കുമൊപ്പം ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ നെഞ്ചിൽ തീയുമായാണ് വിനു കഴിയുന്നത്. ലോക്ക് ഡൗൺ ഇളവ് വന്ന് ജോലിക്ക് പോകാൻ സാധിച്ചാൽ മക്കൾക്ക് വേണ്ട കാര്യങ്ങൾ എങ്ങിനെയെങ്കിലും സാധിക്കുമെന്ന് വിനു പറയുന്നു. എന്നാൽ ചെല്ലാനത്ത് രോഗബാധിതർ കൂടുതലായതിനാൽ ഇവിടെ ആകെ അടച്ചു പൂട്ടിയിരിക്കുകയാണ്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പെരുമ്പടപ്പിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. അധികാരികൾ ആരും തന്നെ ഇവിടം സന്ദർശിച്ചില്ല. യാതൊരു സഹായവും ഇവർക്ക് ലഭിച്ചട്ടില്ല.