കൊച്ചി: കൊടകരയിലെ പണം കവർച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെയും നേതാക്കളെയും അവഹേളിക്കാൻ സി.പി.എം സർക്കാർ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതാക്കൾ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണസംഘത്തിന് മുന്നിലേക്ക് തല ഉയർത്തിപ്പിടിച്ച് ബി.ജെ.പി നേതാക്കളും പ്രവർത്തകരും പോകും. പുലർച്ചെ തലയിൽ മുണ്ടിട്ട് പോകാനോ, രോഗിയെന്ന് നടിച്ച് സഹതാപം പിടിച്ചുപറ്റാനോ ശ്രമിക്കില്ല. സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുന്നത് ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
ബി.ജെ.പി വാദം
മുൻമന്ത്രിയും മുൻസ്പീക്കറും ചോദ്യം ചെയ്യപ്പെട്ട സ്വർണക്കടത്ത് കേസ് മുന്നോട്ടുപോകുന്നെന്ന തിരിച്ചറിവാണ് ബി.ജെ.പിക്കെതിരെ നീങ്ങാൻ സി. പി. എമ്മിനെ പ്രേരിപ്പിക്കുന്നത്. ചോദ്യം ചെയ്യപ്പെട്ട സി.എം രവീന്ദ്രൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനായി തുടരുന്നത് സ്വർണക്കടത്തിലെ ഉന്നത രാഷ്ട്രീയബന്ധത്തിന്റെ തെളിവാണ്.
ബി.ജെ.പിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാര വരുമാനം കോടതിക്ക് ബോദ്ധ്യപ്പെട്ടെങ്കിൽ ആറു മാസമായി ജയിൽ കഴിയില്ലായിരുന്നു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ബിസിനസുകാരനായ ധർമ്മരാജന്റെ പണം കവർച്ച ചെയ്യപ്പെട്ടതാണ് കേസ്. കവർച്ച നടത്തിയവരെ പിടികൂടുന്നതിന് പകരം കേസിൽ ബി.ജെ.പിയെ ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.
കേസിൽ പ്രതികളുടെ ഫോൺ വിളികൾ പരിശോധിക്കാറുണ്ട്. പരാതിക്കാരന്റെ കോൾ ലിസ്റ്റ് എടുക്കുന്നത് വിചിത്രമായ അന്വേഷണരീതിയാണ്. പരാതിക്കാരൻ ബി.ജെ.പി അനുഭാവിയായതിനാൽ കോൾ ലിസ്റ്റിൽ ഭാരവാഹികളുണ്ടാകും. അവരെ വിളിച്ചുവരുത്തി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ബി.ജെ.പിയുടെ അന്തസ് ഇടിക്കാനാണ് അന്വേഷണ നാടകം.
കേസിൽ പിടിയിലായ ഒരാളൊഴികെ സി.പി.എം ബന്ധമുള്ളവരാണ്. പ്രതിയായ മാർട്ടിന് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാറുമായി ബന്ധമുണ്ട്. എ.ഐ.വൈ.എഫ് വെളിയനാട് യൂണിറ്റ് സെക്രട്ടറിയാണ് മാർട്ടിൻ. മറ്റൊരു പ്രതി ലിബിൻ വെള്ളക്കാട് എ.ഐ.വൈ.എഫ് നേതാവാണ്. കവർച്ചയ്ക്കുശേഷം പ്രതികൾ സഹായം തേടിയത് എസ്.എൻ. പുരത്തെ സി.പി.എം പ്രവർത്തകൻ റജിലിനോടാണ്. ഇവരുടെ കോൾലിസ്റ്റ് പുറത്തുവിടാൻ പൊലീസിന് ധൈര്യമുണ്ടോ?
പണത്തിന്റെ ഉറവിടത്തിൽ പൊലീസിന് സംശയമുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെ അറിയിക്കാം. കുഴൽപ്പണ, കള്ളപ്പണ ഇടപാടുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കാം. നിയമപരമായി അധികാരമില്ലാത്ത അന്വേഷണം പൊലീസ് നടത്തുന്നത് രാഷ്ട്രീയ നിർദ്ദേശപ്രകാരമാണ്.
(edited)കുഴൽപ്പണക്കേസിൽ പൊലീസ് :
കെ. സുരേന്ദ്രന്റെമകന്റെ ഫോണിൽ
നിന്ന് ധർമ്മരാജനെ വിളിച്ചിരുന്നു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ ഫോണിൽ നിന്ന് പരാതിക്കാരനായ ധർമ്മരാജനെ വിളിച്ചിരുന്നുവെന്ന് പൊലീസ്. ധർമ്മരാജന്റെ ഫോൺ വിളികളുടെ ലിസ്റ്റ് പരിശോധിച്ചാണിത് കണ്ടെത്തിയത്.
മകന്റെ ഫോണിൽ നിന്ന് സുരേന്ദ്രനാണോ വിളിച്ചതെന്ന് പരിശോധിക്കുകയാണ്. ഹരികൃഷ്ണനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധർമ്മരാജൻ പൊലീസിന് മൊഴി നൽകിയത്.
കാർ തട്ടിക്കൊണ്ടുപോയി കവർന്ന മൂന്നര കോടിയുടെ കുഴൽപ്പണത്തിന് ബി.ജെ.പി ബന്ധമുണ്ടോയെന്നറിയാനാണ് ധർമ്മരാജന്റെ കോൾ ലിസ്റ്റ് ശേഖരിച്ചത്. പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള രേഖകൾ കിട്ടിയിട്ടില്ല.
കോന്നിയിൽ കെ. സുരേന്ദ്രനും ധർമ്മരാജനും കൂടിക്കാഴ്ച നടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ധർമ്മരാജൻ നേരത്തെയും പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. കവർച്ചക്കേസിന് പുറമേ, എത്ര പണം എങ്ങനെ, എവിടെ നിന്ന് എത്തിച്ചെന്ന പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
തൃശൂരിൽ എത്തിയത് 9.8 കോടി ? പേജ്.....