കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ വിവരശേഖരണത്തിനിടെ പഠിക്കാൻ ഫോണില്ലെന്ന് കണ്ട വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ നൽകി. കളമശേരി നഗരസഭ 31-ാം വാർഡ് കൗൺസിലർ കെ.ടി. മനോജിന്റെ നേതൃത്വത്തിൽ വാർഡിലെ സന്നദ്ധ പ്രവർത്തകരാണ് മൊബൈൽഫോൺ നൽകിയത്.
കൊവിഡ് നെഗറ്റീവായവരുടെ വീടുകൾ സാനിറ്റൈസ് ചെയ്യുകയും പ്രയാസമനുഭവിക്കുന്ന വിഭാഗത്തിന് കിറ്റ് നൽകുന്നത് സംബന്ധിച്ച വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പക്ഷാഘാതത്തെത്തുടർന്ന് ആറുമാസമായി ചികിത്സയിൽ കഴിയുന്ന ഓട്ടോറിക്ഷ ഡ്രൈവർ മധുകപ്പിള്ളി വീട്ടിൽ നാസറിന്റെ മകൾ ഫോണില്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്നത് മനസിലാക്കിയത്. കുട്ടിയുടെ പ്ലസ്ടുവിന് പഠിക്കുന്ന സഹോദരിയാണ് കൗൺസിലറോട് വിവരം പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ഫോൺ കേടായതിനെത്തുടർന്ന് പഠനം മുടങ്ങിയ നിലയിലായിരുന്നു.