ആലുവ: കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. 35 പേർക്കെതിരെ കേസെടുത്തു. കൂത്താട്ടുകുളം ഓലിയപ്പുറം കണ്ണിയത്ത് വീട്ടിൽ ജിൽസ് ജോൺ (42) ആണ് അറസ്റ്റിലായത്. റൂറൽ ജില്ലയിൽ 25 പോലിസ് സ്റ്റേഷൻ അതിർത്തിയിൽ 35 വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. നാല്പത് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ സൈബർ സെൽ, സൈബർ സ്റ്റേഷൻ, മറ്റ് പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി പറഞ്ഞു.