കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന പതിനായിരം കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെയും 45 വയോജന,ഭിന്നശേഷി പരിപാലന കേന്ദ്രങ്ങൾക്ക് നൽകുന്ന കൊവിഡ് പ്രതിരോധകിറ്റുകളുടെയും വിതരണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.
സമൂഹം ഗുരുതര പ്രതിസന്ധി നേരിടുന്ന കൊവിഡ് കാലഘട്ടത്തിൽ സമാശ്വാസപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എറണാകുളം അങ്കമാലി അതിരൂപത പോലുള്ള പ്രസ്ഥാനങ്ങൾ സർക്കാരിനൊപ്പം ഉണ്ടെന്നുള്ളത് ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അദ്ധ്യക്ഷവഹിച്ചു. സഹൃദയ സ്വയം സഹായ സംഘങ്ങൾ വഴി നൽകുന്ന രണ്ടു കോടി രൂപയുടെ സ്വയം തൊഴിൽ വായ്പയുടെ ചെക്ക് അതിരൂപതാ വികാരിജനറൽ ഫാ. ഹോർമിസ് മൈനാട്ടി കൈമാറി. ഐക്കോ ഡയറക്ടർ ഫാ. ജോസ് പുതിയേടത്ത്, വികാരി ജനറാൾ ഫാ. ജോയി അയനിയാടൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, സാബു ജോർജ് എന്നിവർ സംസാരിച്ചു.